യുഎസ് നേവി ലെഫ്റ്റനന്റ് കമാൻഡർ അലക്‌സ് ഡയട്രിച്ചിന് , തന്‍റെ F/A-18F സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനത്തില്‍ അന്ന് ഒരു സാധാരണ പറക്കൽ ദിവസം മാത്രമായിരുന്നു. കോക്പിറ്റിലെ റേഡിയോ സ്പീക്കറിലൂടെ യു.എസ്.എസ് പ്രിൻസ്റ്റൺ എന്ന യുദ്ധക്കപ്പലിലെ ഓപ്പറേഷൻ ഓഫീസറുടെ ശബ്ദം എത്തുന്നതു വരെ. സാൻ ഡീഗോയ്‌ക്ക് സമീപമുള്ള ശാന്തമായ പസഫിക് സമുദ്രത്തിന് മുകളില്‍ 80,000 അടി ഉയരത്തില്‍ പറക്കുന്ന സംശയാസ്പദമായ ഒരു വസ്തുവിനെ കുറിച്ച് അന്വേഷിക്കാനായിരുന്നു ആ ശബ്ദം അലെക്സിനോടും മറ്റൊരു ജെറ്റിലുണ്ടായിരുന്ന സഹപ്രവര്‍ത്തകനോടും ആവശ്യപ്പെട്ടത്.
ഒന്നിലേറെ തവണ കടലിന് മുകളില്‍ പല തവണ പ്രത്യക്ഷപ്പെട്ട ആ പറക്കുന്ന വസ്തു. പിന്നീട് പസഫിക്കില്‍ പതിച്ച് അപ്രത്യക്ഷമായതായും യുദ്ധക്കപ്പലിലെ ഓപ്പറേഷന്‍ ഓഫീസര്‍ ഡയട്രിച്ചിനെ അറിയിച്ചു. രണ്ട് ജെറ്റുകളും ആ അജ്ഞാത വസ്തു കടലില്‍ അപ്രത്യക്ഷമായി എന്ന് അറിയിച്ച സ്ഥലത്തെത്തിയപ്പോള്‍ കണ്ട അത്ഭുത കാഴ്ച അവരെ സ്തബ്ദരാക്കി. സമുദ്രത്തിന്‍റെ ഉപരിതലത്തോട് ചേര്‍ത്ത് വെള്ളം ഏതാണ്ട് തിളച്ചുമറിയുന്നതായി തോന്നി.
നിമിഷങ്ങൾക്കകം ഡയട്രിച്ച് അത് കണ്ടു. വെള്ളനിറത്തില്‍ ദീർഘവൃത്താകൃതിയില്‍ 40 അടിയോളം നീളമുള്ള ഒരു വസ്തു ജലോപരിതലത്തിന് തൊട്ട് മുകളിൽ ചുറ്റിത്തിരിയുന്നു. ചിറകില്ലാത്ത ഒരു ക്യാപ്‌സ്യൂൾ പോലെ. അവർ അടുത്തെത്തിയപ്പോൾ, അത് അപ്രത്യക്ഷമായി, അസാധ്യമെന്നു തോന്നുന്ന വേഗതയിൽ ആകാശത്തേക്ക് . അപ്പോള്‍ കടലിന്‍റെ ഉപരിതലം പഴയതു പോലെ.
2004ല്‍ ഏറെ വിവാദമായ “ടിക് ടാക്ക്” സംഭവം എന്നാണ് ഇത് അറിയപ്പെട്ടത്. ജെറ്റ് വിമാനങ്ങളിലൊന്നിലെ നൂതന ട്രാക്കിംഗ് ഉപകരണങ്ങൾ പകർത്തിയ വീഡിയോ, ന്യൂയോർക്ക് ടൈംസിന് ചോർന്നപ്പോൾ വൈറലായി. പിന്നീട് യുഎസ് പ്രതിരോധ മന്ത്രാലയം ആധികാരികമാണെന്ന് സ്ഥിരീകരിച്ച ഫൂട്ടേജിൽ, ഒരു പ്രകാശമാനമായ ആകാശത്തിന് നേരെയുള്ള ദീർഘചതുരാകൃതിയിലുള്ള നിഴലായി ഈ വസ്തു കാണാനാകും.
സമീപ വർഷങ്ങളിൽ ഇത്തരത്തില്‍ യുഎസ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറ് കണക്കിന് സംഭവങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. മനുഷ്യന് എന്നും അത്ഭുതം മാത്രം സമ്മാനിച്ചിട്ടുള്ള അണ്‍ ഐഡെന്‍റിഫൈഡ് ഫ്ലൈയിംഗ് ഒബ്ജെക്ട്സ് അഥവാ യുഎഫ്ഒകളെ സംബന്ധിച്ച് നാസ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ എന്നും ആകാംഷയോടെയാണ് ലോകം കാത്തിരുന്നിട്ടുള്ളത്.
പക്ഷെ 2021ല്‍ ഇത്തരം അജ്ഞാത പറക്കും തളികകളെ കുറിച്ച് യുഎസ് സര്‍ക്കാര്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് ഏറെ നിരാശാജനകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ച പുതിയ രഹസ്യങ്ങള്‍ പുറത്ത് വിടാന്‍ നാസ തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് . ഇത് അമേരിക്കയുടെ ദേശീയ സുരക്ഷ വിദേശകാര്യ സബ്കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് ഇപ്പോള്‍. അതിന് ശേഷം നാസ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷ.
അന്യഗ്രഹജീവികളോടുള്ള അമേരിക്കയുടെ അഭിനിവേശത്തിന് ഏഴര പതിറ്റാണ്ടുകളിലേറെ പഴക്കമുണ്ട്. പറക്കും തളികകൾ, വിചിത്രമായ വെളിച്ചങ്ങള്‍, ഏരിയ 51-ന്‍റെ നിഗൂഢതകൾ എന്നിവയെക്കുറിച്ചൊക്കെ റിപ്പോര്‍ട്ടിലൂടെ വിശദീകരിക്കാന്‍ നാസ തയ്യാറാകുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. സാങ്കല്പിക വസ്കുതകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ വേര്‍തിരിച്ചെടുക്കുക എത്രത്തോളം വെല്ലുവിളിയാകും. കൗതുകകരമായ ആകൃതിയിലുള്ള മേഘത്തിൽ നിന്നോ ചൈനീസ് ബലൂണിൽ നിന്നോ യഥാര്‍ത്ഥ സംഭവവികാസങ്ങളെ എങ്ങനെ വേര്‍തിരിച്ചെടുക്കും തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
കാണുന്ന കാഴ്ചകള്‍ സമാന രീതിയില്‍….
1947 ലെ വേനൽക്കാലം മുതല്‍ വിചിത്രമായ ഒരു പുതിയ തരം ഹിസ്റ്റീരിയ അമേരിക്കയില്‍ ജനങ്ങള്‍ക്കിടയില്‍ കണ്ടു തുടങ്ങി. കാലിഫോർണിയ മുതൽ മെയ്ൻ വരെയും, മിഷിഗൺ മുതൽ ടെക്‌സാസ് വരെയും, ആളുകൾ ആകാശത്ത് പരന്നതും ഡിസ്ക് പോലെയുള്ളതുമായ അസാധാരണമായ ആകൃതിയിലുള്ള വസ്തുക്കള്‍ കാണപ്പെടുന്നതായി പറഞ്ഞു തുടങ്ങി. ഐഡഹോയിൽ നിന്നുള്ള ഒരു വൈമാനികനും വ്യവസായിയുമായ കെന്നത്ത് അർനോൾഡ് വാഷിംഗ്ടണിലെ കാസ്കേഡ് പർവതനിരകളിൽ തന്‍റെ കാള്‍ എയര്‍ 4 എയര്‍ക്രാഫ്റ്റില്‍ സഞ്ചരിക്കുമ്പോള്‍ ഏതാണ്ട് പതിനായിരം അടി ഉയരത്തില്‍ ഫ്രൈയിംഗ് പാനിന്‍റെ രൂപത്തിലുള്ള ഭീമാകാരമായ വസ്തുക്കള്‍ കണ്ടു. അത് 9 എണ്ണമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അവിശ്വസനീയമായ വേഗത്തിലാണ് അവ ആകാശത്ത് സഞ്ചരിച്ചിരുന്നതെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു മുതല്‍ക്കാണ് അമേരിക്കക്കാര്‍ക്ക് പറക്കും തളികകളോടുള്ള’ പ്രണയം’ തുടങ്ങിയതത്രേ. 1770 മുതല്‍ക്കാണ് അമേരിക്കന്‍ പത്രങ്ങളുടെ ശേഖരണം ആരംഭിക്കുന്നത്. അവയിലൊരിടത്തും അതിനു മുന്‍പ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാഴ്ചപ്പാടിലെ മാറ്റം…….
ഏറ്റവും ഒടുവില്‍ സമീപകാല കോവിഡ് മഹാമാരിയുടെ കാലയളവില്‍ ഇത്തരം അജ്ഞാത വസ്തുക്കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്‍റെ നിരക്ക് ക്രമാതീതാമായി വര്‍ദ്ധിച്ചതായി ഗവേഷകര്‍ പറയുന്നു. ഒരുപക്ഷേ രാജ്യം ലോക്ക്ഡൌണിലേക്ക് നീങ്ങിയപ്പോള്‍ ആളുകള്‍ക്ക് ഇവ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചതാകാം കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പക്ഷേ സാമ്പത്തിക മാന്ദ്യം പോലെയുള്ള മാക്രോ ഇക്കണോമിക് പ്രവണതകളെ ഇവ പിന്തുടരുന്നുവോ എന്ന സംശയവും ജനിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ 144 ദൃശ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഇക്കഴിഞ്ഞ 2021-22 ഒരു വര്‍ഷ കാലയളവില്‍ 350 ദൃശ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാടകീയമായ ഒരു വര്‍ദ്ധനവാണ് ഇക്കാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ യാഥാര്‍ത്ഥ്യമായത് എത്രയെണ്ണം എന്ന ചോദ്യമാണ് ഏറ്റവും വലിയ വെല്ലുവിളി. 800ഓളം ദൃശ്യങ്ങളെയാണ് ഗവേഷകര്‍ പരിശോധനയ്ക്കെടുത്തത്. അതില്‍ 2 മുതല്‍ 5 ശതമാനം വരെ മാത്രമാണ് അസാധാരണമായി വിശദീകരിക്കാനാകാതെ ഗവേഷകര്‍ കുഴങ്ങുന്നത്.————-
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം