തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇതിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടെ 6 മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എൽഡിഎഫ് സർക്കാരിന് രണ്ടരവർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായി. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നും യോഗം വിലയിരുത്തി. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തിരഞ്ഞെടുപ്പു വിഷയത്തിൽ ചർച്ച നടക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെത്തുടര്‍ന്നു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്ബാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതും വലിയ വാര്‍ത്തയായിരുന്നു.
പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി വൈകാതെ കടക്കും. മകൻ ചാണ്ടി ഉമ്മന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനുമാണ് ചാണ്ടി ഉമ്മന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം