കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്രക്ക് ഹൃദയാഭിവാദ്യം അർപ്പിക്കാൻ രാത്രി വൈകിയും വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകൾ. തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട വിലാപ യാത്ര ഇനിയും കോട്ടയം ജില്ലയിലെ തിരുനക്കരയിലെത്തിയിട്ടില്ല. പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെയാണ് വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്കൂറെടുത്താണ് 61 കിലോ മീറ്റർ വിലാപ യാത്ര പിന്നിട്ടത്.തലസ്ഥാനത്ത് വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര പുറപ്പെട്ടത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു.
എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്.
Also Read : സമാനതകളില്ലാത്ത ജനത്തിരക്ക് ; വിലാപയാത്ര ചിങ്ങവനത്തേക്ക് എത്തി ; രാഹുൽഗാന്ധി നെടുമ്പാശേരിയിൽ
പുതുപ്പള്ളികവലയിൽ നിർമിക്കുന്ന വീടിന്റെ മുറ്റത്ത് വ്യാഴാഴ്ച ഉച്ച 12നാണ് സംസ്കാരശുശ്രൂഷ. ഒന്നിന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ട് മുതൽ പള്ളിയുടെ വടക്കേപന്തലിൽ പൊതുദർശനത്തിനുവെക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് അന്ത്യശുശ്രൂഷ ചടങ്ങുകൾ. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധിയടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും. എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി സെന്റ്ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം