ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല ഈ വർഷം ആദ്യ പകുതിയിൽ 1340 കോടി ദിർഹമിന്റെ വ്യാപാരമൂല്യം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് പുറത്തിറക്കിയ അർധവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിൽ 40,843 ഇടപാടുകളാണ് നടന്നത്. എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികസ്രോതസ്സുകളിൽ ഒന്നായി മേഖല തുടരുകയാണെന്നും നേട്ടങ്ങൾ കൈവരിക്കുകയും വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യുന്നുണ്ടെന്നും റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹമ്മദ് അൽ ശംസി പറഞ്ഞു.
Read More: പ്രതിരോധ സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച് സൗദിയും തുർക്കിയയും
ലോകത്തെ 88 രാജ്യക്കാരാണ് ഈ കാലയളവിൽ ഷാർജയിൽ നിക്ഷേപം നടത്തിയത്. സ്വദേശി നിക്ഷേപകരുടെ എണ്ണം 7033ഉം ജി.സി.സി രാജ്യങ്ങളിലെ നിക്ഷേപകരുടെ എണ്ണം 525ഉം ആണ്. ഗൾഫ് ഇതര അറബ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം 1824ഉം മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം 1278ഉം ആണ്. സ്വദേശി നിക്ഷേപകരുടെ മൊത്തം നിക്ഷേപം 10,877 പ്രോപ്പർട്ടികളിലായി 880 കോടി ദിർഹമാണ്. ജി.സി.സി നിക്ഷേപകരുടെ മൊത്തം നിക്ഷേപം 672 പ്രോപ്പർട്ടികളുമായി 69.79 കോടി ദിർഹമിലുമെത്തി. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം 2023 പ്രോപ്പർട്ടികളിലായി 200 കോടി ദിർഹമാണ്. ഇതര രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരുടെ മൊത്തം നിക്ഷേപം 1181 പ്രോപ്പർട്ടികളിൽ 200 കോടി ദിർഹമാണ്. 10,877 സ്വത്തുക്കളുള്ള യു.എ.ഇ പൗരന്മാരാണ് ഷാർജയിൽ വ്യാപാരം നടത്തുന്നവരിൽ ഏറ്റവും മുന്നിൽ. 633 സിറിയക്കാരും 473 ഇന്ത്യക്കാരും 302 സൗദി പൗരന്മാരും 282 ജോർഡനികളും 248 ഇറാഖികളും നിക്ഷേപകരായിട്ടുണ്ട്.
ഷാർജ സർക്കാറിന്റെ പിന്തുണയും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അഭിമാനകരമായ നേതൃത്വവുമാണ് എമിറേറ്റിലെ സുപ്രധാന മേഖലയായ റിയൽ എസ്റ്റേറ്റ് വളർച്ചക്ക് നിദാനമായതെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം