ജിദ്ദ: സൗദി അറേബ്യയും തുർക്കിയയും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലറും സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുമാണ് ഒപ്പിട്ടത്. പ്രതിരോധ-സൈനിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ തന്ത്രപ്രധാനമായ ചുവടുവെപ്പാണ് ഇത്. പ്രതിരോധ മന്ത്രാലയവും തുർക്കിയ ബേക്കർ ഡിഫൻസ് ഇൻഡസ്ട്രീസ് കമ്പനിയും തമ്മിൽ രണ്ട് ഏറ്റെടുക്കൽ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
Read More: യുക്രെയ്ൻ തുറമുഖങ്ങളിൽ റഷ്യൻ ആക്രമണം
പ്രതിരോധ മന്ത്രാലയത്തിന് ഡ്രോണുകൾ വാങ്ങുന്നത് കരാറിലുൾപ്പെടും. സായുധ സേനയുടെ സന്നദ്ധത ഉയർത്തുക, രാജ്യത്തിന്റെ പ്രതിരോധ – ഉൽപാദന ശേഷികൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസത്തെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി സന്ദർശന വേളയിലായിരുന്നു കരാർ ഒപ്പിടലെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ട്വീറ്റ് ചെയ്തു.
സൗദി പ്രതിരോധ മന്ത്രാലയവുമായുള്ള കരാറിൽ സാങ്കേതിക വിദ്യ കൈമാറ്റവും ഉൽപാദനത്തിലുള്ള സഹകരണവും ഉൾപ്പെടുമെന്ന് തുർക്കിയ ബേക്കർ കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് പര്യടനത്തിന്റെ തുടക്കമായാണ് തുർക്കിയ പ്രസിഡന്റ് സൗദിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബന്ധവും സാമ്പത്തിക, നിക്ഷേപ, വ്യാപാര സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്.
സൗദിക്ക് പുറമെ ഖത്തറിലും യു.എ.ഇയിലും ഉൾപ്പെടെ പര്യടനം നടത്തുമെന്ന് യാത്രക്ക് മുമ്പ് ഉർദുഗാൻ പറഞ്ഞിരുന്നു. തുർക്കിയയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് കഴിഞ്ഞ 20 വർഷത്തിനിടെ 160 കോടി ഡോളറിൽനിന്ന് ഏകദേശം 220 കോടി ഡോളറായി വർധിച്ചിട്ടുണ്ട്. മൂന്ന് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിനിടയിൽ ജിദ്ദ, ദോഹ, അബൂദബി എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ബിസിനസ് ഫോറങ്ങളിലൂടെ ഈ സംഖ്യ കൂടുതൽ വലിയ അളവിലേക്ക് എത്തിക്കാനുള്ള വഴികൾ തേടുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം