തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ വെച്ച് നടക്കും. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും തിരുവനന്തപുരത്ത് എത്തിക്കുക. ബംഗളുരുവിൽ ഉമ്മൻ ചാണ്ടി താമസിച്ചിരുന്ന ഇന്ദിരാനഗറിലെ വസതിയിൽ പൊതുദർശനത്തിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.
Read More: ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു
അവിടെനിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. പിന്നീട് സെക്രട്ടറിയേറ്റിലെ ദർബാർഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരത്തോട് കൂടി സെക്രട്ടറിയേറ്റിന് സമീപത്തെ സെന്റ് ജോർജ് ഓർത്തഡോക്സ് കത്ത്രീഡലിൽ പൊതുദർശനത്തിന് വെക്കും. ശേഷം കെ.പി.സി.സി ഓഫിസിലും പൊതുദർശനമുണ്ടാകും.
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോട് കൂടി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളെ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം