കൂവപ്പടി ജി. ഹരികുമാർ
ഗുരുവായൂർ: ഗുരുവായൂർ കിഴക്കേനടയിൽ ക്ഷേത്രനഗരിയുടെ മുഖശ്രീയായി കാലങ്ങളായി നിലകൊള്ളുന്ന മഞ്ജുളാലിന്റെ തറയും ഗരുഡശില്പവും പുനർനിർമ്മിയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തു. മഹാവിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്ന ഗരുഡൻ പുതിയ രൂപത്തിൽ ചിറകുവിടർത്തി ഗുരുവായൂർ തീർത്ഥാടകരെ വരവേൽക്കും. കാലപ്പഴക്കവും മൂലം മഞ്ജുളാൽത്തറ ക്ഷയോമുഖമായി തീർന്നിട്ട് നാളുകളായി.
ആൽത്തറയോടടുത്തുള്ള പൂന്താനം നമ്പൂതിരിയുടെ ശില്പവും ഏറെ പ്രസിദ്ധമാണ്. പുനർനിർമ്മിയ്ക്കുവാനിരിയ്ക്കുന്ന മഞ്ജുളാൽത്തറയുടെയും ഗരുഡശിൽപത്തിന്റെയും ചെറുമാതൃക ദേവസ്വം ഭരണസമിതി കണ്ടു വിലയിരുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രീവത്സം അനക്സ് ഹാളിലാണ് മാതൃകാരൂപം പ്രദർശിപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർദ്ദിഷ്ട മഞ്ജുളാൽത്തറയുടെയും ഗരുഡശിൽപത്തിന്റെയും മാതൃകാരൂപം അനാവരണം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മുൻ എം. പി. ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറുമാസത്തിനകം പുതിയ ആൽത്തറയും വെങ്കലശിൽപവും നിർമ്മിച്ച് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. ഉണ്ണി കാനായി ആണ് ശിൽപി.
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ദുബായിയിലെ വ്യവസായിയുമായ വേണു കുന്നപ്പള്ളിയെന്ന ശ്രീകൃഷ്ണഭക്തനാണ് വഴിപാടായി ഇതിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തുന്നത്.