ലണ്ടൻ: ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങി ക്രിക്കറ്റിലെ നിയമ നിർമാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). 2027ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിർദേശിച്ചു. അടുത്തിടെ ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി) യോഗത്തിലാണ് തീരുമാനം. ഓരോ ലോകകപ്പിനും തൊട്ടു മുൻപുള്ള വർഷങ്ങളിൽ ഒഴികെ ദ്വിരാഷ്ട്ര പരമ്പരകൾ ഒഴിവാക്കണമെന്ന് എംസിസി നിർദേശിച്ചു. ലോകമെമ്പാടും ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകൾ വർധിച്ചതു കണക്കിലെടുത്താണ് പാനലിന്റെ നിർദേശം.
Read More: എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ എന്ന് ഹൈക്കോടതി
‘‘ഐസിസി ലോകകപ്പിൽ അല്ലാതെ പുരുഷന്മാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി സമിതി ചോദ്യം ചെയ്തു, 2027 ഐസിസി പുരുഷ ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങൾ ഗണ്യമായി കുറയ്ക്കാൻ ശുപാർശ ചെയ്തു.’’– എംസിസി അതിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വർധിക്കുകയും ആഗോള ക്രിക്കറ്റിൽ കൂടുതൽ സമയം ലഭിക്കുകയും െചയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിർത്തുന്നതിനു കൂടുതൽ ധനസഹായം നൽകണമെന്നും നിർദേശമുണ്ട്.
‘‘പല രാജ്യങ്ങളിലും പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത് താങ്ങാനാകുന്നില്ലെന്ന് പരാതിയുണ്ട്. ടെസ്റ്റ് മത്സരങ്ങൾ നടത്തുന്നതിന് അംഗരാജ്യങ്ങൾക്കുള്ള ചെലവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഇതിനാൽ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് ഒരു ടെസ്റ്റ് മാച്ച് ഫിനാൻഷ്യൽ ഓഡിറ്റ് നടത്താൻ ഐസിസിക്കു നിർദേശം നൽകി. ഇതു ചെയ്താൽ സഹായം ആവശ്യമായ രാജ്യങ്ങളെ കണ്ടെത്താൻ സഹായിക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ ഒരു പ്രത്യേക ടെസ്റ്റ് ഫണ്ട് വഴി പ്രശ്നങ്ങൾ പരിഹരിക്കാം.’’
ആഗോളതലത്തിൽ വനിതാ ക്രിക്കറ്റിനെ എങ്ങനെ വളർത്താമെന്നും ശക്തിപ്പെടുത്താമെന്നും കമ്മിറ്റി ചർച്ച ചെയ്തു. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളിൽ ഒരു പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങൾക്കും മാത്രമേ ഐസിസിയിൽ ഫുൾ മെംബർ യോഗ്യത നൽകാവൂ എന്ന് എംസിസി നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം