കൊച്ചി: 2023 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 42 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 853.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 600.66 കോടി രൂപയായിരുന്നു അറ്റാദായം.
“സാമ്പത്തികപാദത്തിന്റെ ആദ്യപാദത്തില്‍ പൊതുവെ വളര്‍ച്ചാനിരക്ക് കുറയുകയാണ് പതിവെങ്കിലും എല്ലാ മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചതിലൂടെ നടപ്പു സാമ്പത്തികവര്‍ഷം മികച്ചൊരു തുടക്കമാണ് ഞങ്ങള്‍ക്കു കാഴ്ചവെക്കാന്‍ സാധിച്ചത്,” ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. നിക്ഷേപത്തിലും വായ്പയിലും 21 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതിലൂടെ ബാങ്കിന്റെ ആകെ ബിസിനസ് 4 ലക്ഷം കോടി എന്ന സുപ്രധാന നാഴികക്കല്ലാണു കടന്നിരിക്കുന്നത്. ഇതോടെ, ബാങ്കിന്റെ അറ്റാദായം 42 ശതമാനം വര്‍ദ്ധനവോടെ 854 കോടി രൂപ എന്ന നേട്ടവും കൈവരിച്ചു. വിവിധ അനുപാതങ്ങളില്‍ കൈവരിക്കാന്‍ സാധിച്ച പുരോഗതി തികച്ചും പ്രചോദനം പകരുന്നതാണ്. ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബാങ്ക് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുമ്പോള്‍ ഈ നേട്ടം തുടരാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ശ്യാം ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 33.80 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1302.35 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 973.37 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.
ബാങ്കിന്റെ മൊത്തം ബിസിനസ് 21.17 ശതമാനം വര്‍ധിച്ച് 405982.91 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 183355.29 കോടി രൂപയായിരുന്ന നിക്ഷേപം 222495.50 കോടി രൂപയായി വര്‍ധിച്ചു.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 154391.5 കോടി രൂപയില്‍ നിന്ന് 186592.74 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 17.04 ശതമാനം വര്‍ധിച്ച് 58472.85 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 19.69 ശതമാനം വര്‍ധിച്ച് 23287 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 22.11 ശതമാനം വര്‍ധിച്ച് 18369 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 21.50 ശതമാനം വര്‍ധിച്ച് 67141.62 കോടി രൂപയിലുമെത്തി.
അറ്റപലിശ വരുമാനം 19.57 ശതമാനം വര്‍ധനയോടെ 1918.59 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1604.51 കോടി രൂപയായിരുന്നു.
4434.77 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.38 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1274.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.69 ശതമാനമാണിത്. 70.02 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 22247.75 കോടി രൂപയായി വര്‍ധിച്ചു. 14.28 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1366 ശാഖകളും 1918 എടിഎമ്മുകളുമുണ്ട്.