കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം പണപ്പെരുപ്പ നിരക്കു താഴേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നു. മേയിൽ 4.25% മാത്രമായിരുന്ന നിരക്ക് ജൂണിൽ 4.58 – 4.60 നിലവാരത്തിലേക്ക് ഉയർന്നിരിക്കാനാണു സാധ്യതയെന്നു സാമ്പത്തിക നിരീക്ഷകർ കണക്കാക്കുന്നു. 4.80 നിലവാരം പോലും സാധ്യതയാണെന്നു കണക്കാക്കുന്നവരുണ്ട്. ജൂണിലെ നിരക്ക് ഇന്നു വൈകിട്ടാണു പ്രഖ്യാപിക്കുക.
Read More: സുധീർ പരവൂരിനൊപ്പം മിമിക്രി ചെയ്ത് സുരേഷ് ഗോപി
വായ്‌പ നിരക്കുകളിൽ ഇളവു പ്രഖ്യാപിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) നിർബന്ധിതമാക്കുന്ന നിലവാരത്തിലേക്കു പണപ്പെരുപ്പത്തിന്റെ തോത് ജനുവരി – മേയ് കാലയളവിൽ കുറഞ്ഞുവരികയായിരുന്നു. അതിനിടെയാണു വില കത്തിക്കയറിയിരിക്കുന്നത്. അടുത്ത മാസം 10ന് ആർബിഐ പ്രഖ്യാപിക്കുന്ന പണനയത്തിൽ ഇളവിനു സാധ്യതയില്ലെന്ന് ഇതോടെ ഉറപ്പായി. പലവ്യഞ്‌ജനങ്ങളുടെയും പച്ചക്കറികളുടെയും കൂടിയ വില നിലവാരം ഏതാനും മാസങ്ങൾ കൂടി നിലനിൽക്കാമെന്നാണു വിവിധ വിപണികളിൽനിന്നുള്ള സൂചന.
പണപ്പെരുപ്പത്തിന്റെ ഉയർന്ന സഹനപരിധിയായി ആർബിഐ നിശ്ചയിച്ചിട്ടുള്ള 4 ശതമാനത്തിലേക്കു നിരക്കു താഴാൻ വൈകുകയായിരിക്കും ഫലം. ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു നിർണയിക്കുന്നതിന് ആശ്രയിക്കുന്ന ഉൽപന്നങ്ങളിൽ പകുതിയോളവും ഭക്ഷ്യോൽപന്നങ്ങളാണ്. എന്നാൽ, വിലക്കയറ്റത്തിന്റെ യഥാർഥ സ്ഥിതി പ്രതിഫലിപ്പിക്കുന്നതല്ല പണപ്പെരുപ്പക്കണക്കുകളെന്ന് ആക്ഷേപമുണ്ട്.
നിർണായകമാകുന്ന നിരക്കുകൾ
റെക്കോർഡ് നിലവാരത്തിലേക്കു മുന്നേറിയിട്ടുള്ള ഓഹരി വിപണിക്ക് ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ ഇന്നു പുറത്തുവരുന്ന കണക്കുകൾ നിർണായകമാണ്. യുഎസിലെ പണപ്പെരുപ്പ നിരക്കുകളും ഇന്നാണു പുറത്തുവരുന്നത്. ഇത് ആഗോളതലത്തിൽ വിപണികളെ സ്വാധീനിക്കും. ഇന്ത്യയിലെ വ്യവസായോൽപാദന സൂചിക ഏതു നിലവാരത്തിലെന്നും ഇന്നറിയാം. മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 14നു പ്രഖ്യാപിക്കും.
ചൈനയിൽ നിരക്ക് പൂജ്യം
ചൈനയിലെ പണപ്പെരുപ്പ നിരക്കു പൂജ്യത്തിലേക്കു താഴ്ന്നു. പണപ്പെരുപ്പത്തെക്കാൾ (ഇൻഫ്ലേഷൻ) അപകടകരമായ സാമ്പത്തിക സാഹചര്യമായിരിക്കും പണസങ്കോചം (ഡിഫ്ലേഷൻ) മൂലമുണ്ടാകുക. ഉൽപന്ന, സേവന വിലകൾ കുറയുന്നതാണ് ഇതിന്റെ ലക്ഷണം. അപ്പോൾ ഉപയോക്താക്കൾ കൂടുതൽ വിലക്കുറവിനായി കാത്തിരിക്കും. ഉപഭോഗത്തിലെ ഇടിവ് ഉൽപാദനം വെട്ടിക്കുറയ്ക്കാൻ കമ്പനികളെ നിർബന്ധിതമാക്കും. ഇതു തൊഴിലവസരങ്ങളെ ബാധിക്കും. ഉൽപാദനം വീണ്ടും കുറയുന്നതുൾപ്പെടെ എല്ലാ സാഹചര്യങ്ങളും കൂടുതൽ മോശമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം