കൊച്ചി: സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറ്ക്ട് ടാക്സസ് ആൻഡ് കസ്റ്റംസിൽ നിന്നും പ്രശംസാപത്രം നേടി ഇൻഫോപാർക്ക്. 2022-2023 സാമ്പത്തിക വർഷത്തിൽ റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്യുകയും ചരക്ക് സേവന നികുതി കൃത്യമായി അടയ്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. സുശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഇൻഫോപാർക്ക് ഇതിലൂടെ മികച്ച സംഭാവന നൽകുന്നു. ഈ വർഷം തുടക്കത്തിൽ ക്രിസില്‍ (ക്രഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നല്‍കുന്ന റേറ്റിങ്ങിൽ എ മൈനസില്‍ നിന്ന് ഇന്‍ഫോപാര്‍ക്ക് എ സ്‌റ്റേബിള്‍ അംഗീകാരത്തിലേക്കും ഉയര്‍ന്നിരുന്നു.
ധനകാര്യ മേഖലയിലെ ഇൻഫോപാർക്കിന്റെ കരുത്ത് വെളിവാക്കുന്നതാണ് ഈ അംഗീകാരമെന്ന് ഇൻഫോപാർക്ക് സിഇഒ, സുശാന്ത് കുറുന്തിൽ പറഞ്ഞു. “പുരോഗമനപരമായ പദ്ധതികൾ പോലെ തന്നെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഇൻഫോപാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അത്തരത്തിൽ മുന്നോട്ടുള്ള യാത്രയിൽ അഭിമാനവും പ്രചോദനവുമാണ് ഈ നേട്ടം.” അദ്ദേഹം കൂട്ടിച്ചേർത്തു.