എന്താണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങ്

ടാറ്റാ ഇറക്കിയ ഒരു ലക്ഷം രൂപയുടെ കാറ്‍ വിജയമായിരുന്നുവോ, അതിന് ഇന്ത്യക്ക് പുറത്ത് വിപണി കണ്ടെത്തുവാന്‍ കഴിഞ്ഞുവോ, അവര്‍ ഇട്ടിരുന്ന വില ശരിയായിരുന്നുവോ എന്നുള്ള ചോദ്യങ്ങള്‍ക്കുത്തരം തേടിപ്പോകുന്നവര്‍ കാണാത്ത ഒരു കാര്യം ആ കാറിന്‍റെ ഉല്‍പ്പാദനത്തിന് ഉല്‍പ്പന്ന രൂപകല്‍പ്പനയില്‍  കൊണ്ട് വരുവാന്‍ കഴിഞ്ഞ നവീകരണമാണ് (Innovation). ഇതാണ് ഇന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് വന്‍കിട കമ്പനികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ആശയം. കാരണം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രാപ്യമായി വരുമ്പോഴാണ് ഏതൊരു സാങ്കേതിക വിദ്യക്കും അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുവാന്‍ കഴിയുന്നത്. പ്രത്യകിച്ചും ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാം ലോകരാഷ്ട്രത്തില്‍ വില കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ക്രയശേഷിയുള്ള സമ്പന്നര്‍ മാത്രമല്ല ഇവിടുത്തെ വിപണി മറിച്ച് ദരിദ്ര വിഭാഗങ്ങളുമുണ്ട്. ആയതിനാല്‍ത്തന്നെ ഗുണമേന്മ കുറയാതുള്ള വിലക്കുറവ് ലക്ഷ്യമിട്ടാണ് ഇന്ന് വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കുറവുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ബഹുജനങ്ങളുടെ വിപണി പിടിക്കുകയെന്ന പുത്തന്‍ മാര്‍ക്കറ്റിങ്ങ് തന്ത്രമാണിന്ന് കമ്പനികള്‍ പയറ്റുന്നത്.

എന്താണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങ്

പ്രൂഗല്‍ എഞ്ചിനിയറിങ്ങ് അഥവാ ഗാന്ധിയന്‍ എഞ്ചിനിയറിങ്ങ് എന്നാണ് ഈ ഗുണമേന്മയുള്ള ചെറുതുകളുടെ നിര്‍മ്മിതിക്ക് പൊതുവേ പറയുന്ന പേര്. ഗാന്ധിജി വിഭാവന ചെയ്തത് പോലെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന ആയതിനാലാണ് ഈ പേര് വന്നത്. നാനോ ടെക്നോളജിയുടെ വ്യാപനത്തോടെയാണ് ഗാന്ധിയന്‍ എഞ്ചിനിയറിങ്ങ് ലോകപ്രശസ്തമായത്. മുന്‍ മാനവശേഷി വികസന മന്ത്രി ശ്രീ കപില്‍ സിബല്‍ ഇന്ത്യയുടെ ഭാവി ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രങ്ങളില്‍ പ്രധാനമായി ഈയിടെ എഴുതിയത് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിനെക്കുറിച്ചാണ്. ഇന്ന് ഇന്ത്യയില്‍ സി എസ് ഐ ആര്‍ കാര്യമായി പ്രമോട്ട് ചെയ്യുന്ന ഗവേഷണ മേഖലയണിത്. കഴിഞ്ഞ ആതാനും വര്‍ഷങ്ങളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പല ശാസ്ത്രമേളകളിലും ഉയര്‍ന്ന് വരുന്നത് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ സാധ്യതകള്‍ത്തന്നെയാണ്.

എന്തിനാണ് പ്രൂഗല്‍ എഞ്ചിനിയറിങ്ങ്

ജനറല്‍ ഇലക്ട്രിക്കല്‍സിന്‍റെ മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. ഗൈലര്‍മോ വില്ലിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ വിപണി ലോകത്തുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ആവശ്യപ്പെടുന്നുണ്ട് പക്ഷേ ചെറുതും വിലക്കുറവിലും ആയിരിക്കണം. ഇത് തന്നെയാണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ പ്രസക്തിയും. ഇന്ത്യയുടെ ഗ്രാമങ്ങളുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്‍കിട കമ്പനികള്‍ രംഗത്തുണ്ടെങ്കിലും തദ്ദേശീയമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശീയമായിത്തന്നെ പരിഹാരം കാണുകയും ആയത് ചെറുകിട വ്യവസായമാക്കി വളര്‍ത്തുകയും ചെയ്യുകയും എന്ന ഉദ്ദേശവും കൂടി ഇതിനുണ്ട്.

മെഡിക്കല്‍ രംഗം

മുട്ടുമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ നീ ഇംപ്ലാന്‍റ് വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. ചെലവ് കുറഞ്ഞ കാര്‍ഡിയോ വാസ്കുലാര്‍ സ്ക്രീനിങ്ങ് ഉപകരണ ഗവേഷണത്തിലാണ് റോച്ചേ ഡയഗ്നോസ്റ്റിക്സ്. കൈയ്യില്‍ കൊണ്ട് നടക്കാവുന്ന ഇ സി ജി ഉപകരണത്തിലാണ് ജനറല്‍ ഇലക്ട്രിക്കല്‍സിന്‍റെ ഗവേഷണം. പാരാമെഡിക്കല്‍ മേഖലയില്‍ മാത്രമല്ല ചെലവ് കുറഞ്ഞ മരുന്നുകളില്‍ വരെ ഇത് വരും നാളുകളില്‍ എത്തുമെന്നാണ് ഗവേഷണ മതം.

യു പിയില്‍ സി എസ് ഐ ആറിന്‍റെ സഹായത്തോടെ നടന്ന ശാസ്ത്രമേളയില്‍ ഗ്രാമീണരുടെ നേത്രരോഗങ്ങള്‍ കണ്ടെത്തുവാനുള്ള കൊണ്ട് നടക്കാവുന്ന ഉപകരണവും നിലവിലുള്ളതിന്‍റെ പത്തിലൊന്ന് മാത്രം ചെലവ് വരുന്ന ഡയപ്പറും രൂപകല്‍പ്പന ചെയ്ത 2 ചെറുപ്പക്കാരാണ് സമ്മാനം നേടിയത്.

Zhongxing Medical എന്ന ചൈനീസ് മെഡിക്കല്‍ കമ്പനി നിലവിലുള്ളതിന്‍റെ ഇരുപതില്‍ ഒന്ന് മാത്രം വില വരുന്ന ഒരു X-ray മെഷീന്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നു.

ലോകത്തില്‍ ഒരു വര്‍ഷം ഏകദേശം 1 മില്യണ്‍ കുഞ്ഞുങ്ങള്‍ പ്രസവത്തോട് കൂടി മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ചിലവേറിയ ഇന്‍കുബേറ്റര്‍ സൌകര്യം സമൂഹത്തിലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉപയോഗിക്കുവാനായി കഴിയുകയുള്ളു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു ചിലവ് കുറഞ്ഞ ഇന്‍കുബേറ്റര്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു. 37 ഡിഗ്രി സെന്‍റിഗ്രേഡില്‍ കുഞ്ഞുങ്ങളെ 6 മണിക്കൂര്‍ വരെ സൂക്ഷിക്കുവാന്‍ ഇതിലൂടെ കഴിയും. ഹൈടെക് ആശുപത്രി സൌകര്യം പ്രാപ്യമല്ലാത്ത ഗ്രാമീണ പ്രദേശങ്ങളില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ കഴിയും. ഇപ്പോള്‍ കറന്‍റിലാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും കാറിന്‍റെ ബാറ്റിയില്‍ ഘടിപ്പിക്കാവുന്ന സംവിധാനമാണ് പുതിയ ട്രെന്‍ഡ്. ഈ പ്രോജക്ട് ഇപ്പോള്‍ അതിന്‍റെ പ്രാരംഭ ദിശയിലാണെങ്കിലും താമസം വിനാ ഇത് ഉല്‍പ്പാദന രംഗത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മറ്റ് വിവിധ സാങ്കേതിക വിദ്യകള്‍

മനുഷ്യന്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങള്‍ക്ക് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ ബിസിനസ്സ് ആശയങ്ങള്‍ ഉടലെടുക്കുന്നത്. ഇന്നിപ്പോള്‍ ഇത്തരം ആശയ സാക്ഷാല്‍ക്കാരം ഗാന്ധിയന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമോയെന്നാണ് ചിന്ത. ജപ്പാനിലെ നിപ്പോണ്‍ ബേസിക്, സൈക്കിള്‍ കറക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന ഒരു സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സൈക്ളോക്ലീന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

പശുക്കളുടെ ചാണകത്തില്‍ നിന്നും മണ്ണിഷ്ടികയെക്കാള്‍ ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ ഇഷ്ടികയുടെ നിര്‍മ്മാണം ഇത്തരത്തിലുള്ളയൊന്നാണ്.  EcoFaeBrick എന്നാണ് ഇതറിയപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Prasetiya Mulya Business സ്കൂളിലെ കുട്ടികളാണ് ഈ കണ്ടുപിടുത്തത്തിന് പിറകില്‍. ഇന്ത്യ, മെക്സിക്കോ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ചില ഗ്രൂപ്പുകള്‍ ഈ സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വ്യക്തിഗത ഉപയോഗത്തിനുതകുന്ന biodegradable ആയ ഒരു ടോയ് ലറ്റ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. Peepoo bag എന്നാണിതറിയപ്പെടുന്നത്. ഇതില്‍ യൂറിയ നിറച്ചിട്ടുണ്ടാവും. 12 മുതല്‍ 24 മണിക്കൂര്‍ വരെ ദുര്‍ഗന്ധമില്ലാതെ സൂക്ഷിക്കുവാനിതിനാകും. 2 മുതല്‍ 4 ആഴ്ചകള്‍ക്ക് ശേഷം വിസര്‍ജ്ജ്യ വസ്തുക്കള്‍ വളമായി ഉപയോഗിക്കാവുന്നതാണ്.  2010 മുതല്‍ കെനിയയിലെ നഗരപ്രദേശങ്ങളിലെ ചേരികളില്‍ ഈ ചിലവ് കുറഞ്ഞ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ചെറിയ റെഫ്രിജേറ്ററുമായാണ് ഗോദ്റെജിന്‍റെ രംഗപ്രവേശം. ഗ്രാമീണരുടെ ജീവിത സാഹചര്യം കൃത്യമായി വിലയിരുത്തിയതിന് ശേഷമാണിത്. കംപ്രസറില്ലാത്ത ഇതില്‍  കംപ്യൂട്ടറുകള്‍ തണുപ്പിക്കുവാനുപയോഗിക്കുന്നത് പോലെ കൂളിങ്ങ് ചിപ്പും ഫാനുമാണുപയോഗിച്ചിരിക്കുന്നത്. ChotuKool എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഫ്രൂഗല്‍ എഞ്ചിനിയറിങ്ങും ചെറുകിട വ്യവസായ മേഖലയും

ചെറുകിട വ്യവസായ മേഖലയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന നിരവധി യന്ത്രങ്ങളിപ്പോള്‍ സാധാരണക്കാര്‍ തന്നെ കുറഞ്ഞ ചിലവില്‍ ഉണ്ടാക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള നാഗരാജന്‍ രൂപകല്‍പ്പന ചെയ്ത നാരങ്ങ മുറിക്കുന്ന യന്ത്രവും കേരളത്തില്‍ നിന്നുള്ള പാലു കറക്കുന്ന യന്ത്രവും, കോയമ്പത്തൂരിലെ മുരുകാനന്ദത്തിന്‍റെ സാനിട്ടറി നാപ്കിന്‍ ഉണ്ടാക്കുന്ന യന്ത്രവും ആസാമില്‍ നിന്നുള്ള റൂറല്‍ എഗ്ഗ് ഇന്‍കുബേറ്ററും കേരളത്തില്‍ നിന്ന് തന്നെയുള്ള Reversible reduction gear for marine diesel engine and Z- drive എന്ന സംവിധാനവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ചെലവ് കുറവാമെന്നാണിതിന്‍റെ മെച്ചം. കേവലം 300 രൂപക്ക് സെല്‍ഫോണ്‍, വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റാപ്ലര്‍ പിന്നുകള്‍, ഒരു കൂളറിന്‍റെ അത്ര മാത്രം വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വില കുറഞ്ഞ റഫ്രിജേറ്റര്‍ ഇതൊക്കെയും സ്വപ്നമല്ല യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രം.  മുന്‍കാലങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പിറവിയെടുത്തിരുന്നത് ഗവേഷണ ശാലകളില്‍ മാത്രമായിരുന്നുവങ്കില്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം പോലുമില്ലാത്ത സാധാരണക്കാര്‍ പല പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്‍പോട്ട് വരുന്നുണ്ട്. എന്നാല്‍ തങ്ങളുടെ നൂതനാശയങ്ങള്‍ക്ക് പേറ്റന്‍റും കൂടി എടുക്കവാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ പ്രാധാന്യമെന്ത്

വികസനം എത്തി നോക്കാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴെ ഗ്രാമീണ സാങ്കേതിക വിദ്യയുടെ പ്രധാന്യം മനസ്സിലാവുകയുള്ളു. വലിയ വില ചിലവഴിച്ച് ആധുനിക സൌകര്യങ്ങള്‍ സ്വായത്തമാക്കുവാന്‍ കഴിവില്ലാത്തവര്‍ക്ക് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപകാരപ്രദമാകും. ഭാരക്കുറവുള്ളതിനാല്‍ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം താരതമേന്യ എളുപ്പമായിരിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉല്‍പ്പാദനച്ചിലവ് കുറവായതിനാല്‍ ഉല്‍പ്പാദനത്തിന്‍റെ അളവ് കൂട്ടുവാന്‍ സാധിക്കും. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യത്ത് ഇത് നിര്‍ണ്ണായകമാണ്. ആരോഗ്യരംഗത്ത് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇത്തരത്തിലുള്ള നിര്‍മ്മിതി അതിന്‍റെ അനുബന്ധ വ്യവസായ സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ റപ്രിജേറ്ററിന്‍റെ നിര്‍മ്മിതിക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിര്‍മ്മാണം ഉദാഹരിക്കാവുന്നതാണ്.

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിനായി വ്യത്യസ്തങ്ങളായ നൂതനാശയങ്ങള്‍ കണ്ടെത്തുകയും അത് വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Latest News