കുട്ടനാട്∙ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളം മറിഞ്ഞു.. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 26 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി.
സിഡിഎസ് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ കമ്പനി എന്ന വള്ളവും സിഡിഎസ് ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ കാട്ടില്‍ തെക്കേതില്‍ എന്ന വള്ളവും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. 40-നും അമ്പതിനും ഇടയില്‍ സ്ത്രീകളാണ് മറിഞ്ഞ വള്ളത്തില്‍ ഉണ്ടായിരുന്നത്.
ഫിനിഷിങ് പോയന്റിന് മുന്നൂറ് മീറ്റര്‍ അകലെ വെച്ചാണ് വള്ളം കീഴ്മേല്‍ മറിഞ്ഞത്. കൂടുതല്‍ പേരും നീന്തി കരയ്ക്കുകയറി. ചിലരെ ബോട്ടുകളില്‍ എത്തിയവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുഴച്ചില്‍കാര്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാതിരുന്നതാണ് മറിയാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
വള്ളം മറിഞ്ഞതിനെ തുടർന്ന് കലക്ടർ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 22 സ്ത്രീകളെ ആശുപത്രിയിൽ എത്തിച്ചതായി എസ്പി ചൈത്ര തെരേസ ജോൺ അറിയിച്ചു.