തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
എക്‌സൈസ് കമ്മിഷണറാണ് ഈ നടപടി എടുത്തത്. വ്യാജ കേസ് ചമയ്ക്കാന്‍ സതീശൻ കൂട്ടുനിന്നെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപകരണമായി ഇയാൾ പ്രവർത്തിച്ചെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.
ഷീലയുടെ ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളില്‍നിന്ന് ആണെന്നാണ് ഇവരെ അറസ്റ്റ് ചെയ്ത സതീശന് മൊഴി നൽകിയത്. എന്നാൽ ഈ കോള്‍ ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എക്‌സൈസ് കൊണ്ടുപോയ എല്‍എസ്ഡി സ്റ്റാമ്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോള്‍ കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 72 ദിവസം വിയ്യൂര്‍ ജയിലില്‍ കിടന്ന ഷീലയെ മോചിപ്പിക്കുകയായിരുന്നു.
ഇതോടെ, ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്റെ ബ്യൂട്ടി പാര്‍ലറില്‍ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല ആരോപിച്ചു. ബംഗളൂരുവില്‍നിന്നെത്തിയ തന്റെ ഒരു ബന്ധു തന്റെ വാഹനത്തിലിരുന്ന ബാഗില്‍ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണാണ് ഷീലയുടെ ആരോപണം.
ബാഗ് സ്കൂട്ടറിലാണെന്ന് പറഞ്ഞപ്പോള്‍ മകനെ വിളിച്ചു വരുത്താന്‍ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്റെ അറയില്‍ വച്ചിരുന്ന എല്‍എസ്ഡി സ്റ്റാന്പെന്ന് പറയുന്ന വസ്തു എടുത്തുകൊണ്ടുപോകുകയുമായിരുന്നെന്ന് ഷീല പറഞ്ഞു.
ഷീലയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നാണ് വ്യാജക്കേസിനെപ്പറ്റി അന്വേഷിക്കുന്ന പോലീസ് സംഘം അറിയിച്ചത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെട്ട ഷീലാ സണ്ണിയെ മന്ത്രി എംബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാമെന്ന് മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം