ന്യൂഡൽഹി: തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. തന്നെ ഇല്ലാതാക്കാൻ ജാതി ശക്തികൾ വലിയ ഗൂഢാലോചന നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഇടയിൽ തനിക്കുണ്ടാകുന്ന സ്വീകാര്യത ഭയക്കുന്ന ശക്തികളുടെ ഗൂഢാലോചന ഇതിലുണ്ടാകാം. തന്നെ സംരക്ഷിക്കുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടതായും ആസാദ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ ഇത് നിരസിക്കുകയായിരുന്നു. തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസിനായുള്ള അപേക്ഷയും തീർപ്പാക്കാത്ത കേസുകൾ ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടു. അടിച്ചമർത്തപ്പെട്ട ബഹുജൻ വിഭാഗങ്ങൾക്കായി തുടർച്ചയായി പോരാടുന്നതിനാൽ തന്നെ ഫ്യൂഡൽ, ജാതിമത സംഘങ്ങൾ വെറുക്കുന്നതായി ഭരണകൂടത്തിന് അറിയാം. അതിനാലാണ് ഇത്തരം അവഗണനയെന്നും ആസാദ് പറഞ്ഞു.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
അതേസമയം, ചന്ദ്രശേഖർ ആസാദ് വധശ്രമക്കേസിൽ നാലുപേർ അറസ്റ്റിലായി. ഹരിയാനയിലെ അംബാല ജില്ലയിൽനിന്നാണ് നാലംഗ സംഘം പിടിയിലായത്. ഹരിയാന സ്വദേശിയായ വികാസ്, യു.പി സ്വദേശികളായ പ്രശാന്ത്, ലോവിഷ്, വികാസ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഗോണ്ടർ സ്വദേശിയാണ് വികാസ്. മറ്റുള്ളവർ യു.പി സഹാറൻപൂരിലെ റങ്കണ്ടി സ്വദേശികളുമാണ്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായതെന്ന് ഹരിയാന പ്രത്യേക ദൗത്യസംഘം ഡെപ്യൂട്ടി സൂപ്രണ്ട് അമൻ കുമാർ അറിയിച്ചു. പ്രതികളിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ യു.പി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അമൻ കുമാർ പറഞ്ഞു.
കഴിഞ്ഞ ജൂൺ 28നാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദയൂബന്ദിനടുത്തുവച്ച് ചന്ദ്രശേഖർ ആസാദിനുനേരെ വധശ്രമമുണ്ടായത്. ആസാദ് സഞ്ചരിച്ച കാറിനുനേരെ ഒരു സംഘം വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ ആസാദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായി. വ്യാഴാഴ്ചയാണ് അദ്ദേഹം ആശുപത്രി വിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം