മ്യാൻമറിനെ ചുഴറ്റിയെറിഞ്ഞു മോച്ച ചുഴലിക്കാറ്റ് . ദശലക്ഷക്കണക്കിന് ജനങ്ങളാണ് ദുരിതക്കയത്തിലേക്കാണ്ടത്. ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള സഹായം സര്‍ക്കാര്‍ വിച്ഛേദിച്ചതോടെ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. പ്രകൃതി ദുരന്തത്തേക്കാള്‍ താങ്ങാനാകാത്തത് എന്നാണ് ചുഴലിക്കാറ്റിന്‍റെ ബാക്കിപത്രമായി ഒരു ഭരണകൂടം ആ രാജ്യത്തെ ഒരു വിഭാഗം ജനതയോട് ചെയ്യുന്ന ക്രൂരതയെ മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിച്ചത്.
മെയ് പകുതിയോടെ വീശിയടിച്ച മോച്ച വലുതായൊന്നും മ്യാൻമറിൽ ബാക്കി വച്ചില്ല. ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. കാലവര്‍ഷത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു മ്യാന്മര്‍. അടിസ്ഥാന ആവശ്യങ്ങളായ ആഹാരത്തിനും കുടിവെള്ളത്തിന് പോലും പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യം. ചോര്‍ന്നൊലിക്കാത്ത വീടുകള്‍ തന്നെ കുറവാണ് സാധാരണക്കാര്‍ക്ക്. മേല്‍ക്കൂരയില്ലാത്ത സ്കൂളുകളില്‍ മഴയില്ലാത്തപ്പോള്‍ മാത്രം എത്തുന്ന കുട്ടികള്‍. കൂനിന്മേല്‍ കുരുപോലെയായി വീശിയടിച്ച മോച്ച ചുഴലിക്കാറ്റ്. അസ്ഥികൂടങ്ങള്‍ പോലെ ബാക്കിയായ വീടുകള്‍ കൂടി നിലംപറ്റി. ഉറക്കം പോലുമില്ലാതെ കിട്ടുന്ന മേലാപ്പുകള്‍ക്കു കീഴില്‍ അവര്‍ ജീവിതം ഇരുന്നു തീര്‍ക്കുകയാണ്. മ്യാന്‍മറിലെ പട്ടാളഭരണകൂടം ജുന്‍റാ പുറത്തുവിടുന്ന കണക്കനുസരിച്ച് 145പേരാണ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്‍റെ പതിന്മടങ്ങാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. റാഖൈന്‍ മേഖലയിലെ പ്രാദേശിക സായുധ സംഘമായ അരക്കന്‍ സേനയുടെ കണക്കനുസരിച്ച് 2000ത്തോളം ഗ്രാമങ്ങളേ അപ്പാടെ ഇല്ലാതായി. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് തലചായ്ക്കാനുള്ള ഇടങ്ങളും.
പ്രകൃതിയും കനിയാതെ –
55 ലക്ഷത്തോളം വരുന്ന മ്യാന്‍മറിലെ ജനതയില്‍ ഏതാണ് 32 ലക്ഷം പേരുടെ ജീവിതത്തെയാണ് മോച്ച ചുരുട്ടിയെറിഞ്ഞത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച റാഖൈന്‍ എന്ന സംസ്ഥാനം രാജ്യത്തെ ഏറ്റവും ദരിദ്രമായ പ്രദേശമാണ്. 2019 ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 78% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. മോച്ച ഏറ്റവും ദുരിതമായത് റോഹിങ്ക്യൻ അഭയാർത്ഥികൾക്കാണ്. പട്ടാള ഭരണത്തിനും രാഷ്ട്രീയ അരാജകത്വത്തിനുമിടയില്‍ രാജ്യം തങ്ങളെ കൈപിടിച്ച് കയറ്റുമെന്ന് അവര്‍ക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. മറിച്ച് രാജ്യത്തിന് പുറത്ത് ലോകരാജ്യങ്ങളുടെ സാന്ത്വന ദൃഷ്ടികള്‍ തങ്ങള്‍ക്കു മേല്‍ പതിക്കുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക്. ചുഴലിക്കാറ്റിന് ശേഷം ആദ്യ കുറച്ചു ദിനങ്ങള്‍ കുറഞ്ഞ അളവിലാണെങ്കിലും അരിയും എണ്ണയുമൊക്കെ ലഭിച്ചത് അവര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്കി.
Also read : ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് ; കത്ത് പുറത്തുവിട്ടതാരെന്ന് കണ്ടെത്തണമെന്ന് പരാതി
എന്നാല്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തി സന്നദ്ധസേവനം നടത്തുന്നവരെ പട്ടാള ഭരണകൂടം ജൂണ്‍ 8ന് തടഞ്ഞു. ഭക്ഷണവും മരുന്നുമടക്കമുള്ള അടിസ്ഥാന സാധനങ്ങള്‍ പോലും ജുണ്ടാ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടം പ്രദേശത്തേക്ക് കടത്തി വിട്ടില്ല..മുസ്ലീം സമുദായത്തെ സഹായിക്കാൻ മാത്രമാണ് എൻജിഒകൾക്ക് താൽപ്പര്യമെന്നായിരുന്നു അവരുടെ കണ്ടെത്തൽ . റാഖൈനിൽ ഭൂരിപക്ഷം വരുന്ന മുസ്ലീം റോഹിങ്ക്യൻ സമുദായത്തെ ഉന്നം വെച്ചായിരുന്നു സന്നദ്ധ സേവകരെയും സാധനങ്ങളെയും തടഞ്ഞത്. ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള സഹായം സര്‍ക്കാര്‍ വിച്ഛേദിച്ചതോടെ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. പ്രകൃതി ദുരന്തത്തേക്കാള്‍ താങ്ങാനാകാത്തത് എന്നാണ് ചുഴലിക്കാറ്റിന്‍റെ ബാക്കിപത്രമായി ഒരു ഭരണകൂടം ആ രാജ്യത്തെ ജനതയോട് ചെയ്യുന്ന ക്രൂരതയെ മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിച്ചത്.
ബുദ്ധമതസ്ഥർ കൂടുതലുള്ള മ്യാൻമറിൽ റോഹിങ്ക്യകളുടെ ജീവിതം നരകതുല്യമാണ്. അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ ഇവരെ ശത്രു രാജ്യങ്ങളിലുള്ളവരെക്കാൾ അധകൃതരായിട്ടാണ് മേൽക്കോയ്മ അവകാശപ്പെടുന്ന ബുദ്ധമത വിഭാഗക്കാർ കാണുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ റോഹിങ്ക്യകളുടെ എല്ലാ മാനുഷികമായ അവകാശങ്ങളും നിഷേധിച്ചിരിക്കുന്നു എന്ന് മാത്രമല്ല, മ്യാൻമറിൽ നിന്ന് തന്നെ ആട്ടിപ്പായിക്കാൻ ക്രൂരമായി വേട്ടയാടുകയാണ്. കഠിനമായ പീഡനങ്ങളെ തുടർന്ന് നല്ലൊരു ശതമാനം മ്യാൻമർ വിട്ടെങ്കിലും അവരിൽ അരലക്ഷത്തിലധികം പേർ ഇപ്പോഴും വടക്കൻ റാഖൈനിൽ താമസിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
റോഹിങ്ക്യൻ അഭയാർത്ഥികളുടെ ജീവിതസാഹചര്യം മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതാണെന്ന് അടിവരയിടുന്നതാണ് രക്ഷാപ്രവർത്തകരുടെ പ്രതികരണം. തങ്ങൾ എത്തിക്കുന്ന സാധനസാമഗ്രികളുടെയോ സഹായത്തിന്റെയോ പത്തു ശതമാനം പോലും മോച്ച ഇരകൾക്ക് ലഭ്യമായില്ലെന്ന് അവർ സ്ഥിരീകരിക്കുന്നു. സൈന്യത്തിന്റെ വലിയ തോതിലുള്ള ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായെന്നും അവർ പറയുന്നു. മോർച്ച ചുഴലിക്കാറ്റിന് ശേഷം രോഹിംഗ്യൻ അഭയാർത്ഥികളുടെ നില കൂടുതൽ പരുങ്ങലിലായി എന്ന് വേണം പറയാൻ . ഭൂരിഭാഗം വരുന്ന ബുദ്ധിസ്റ്റുകളും അവരെ പിന്തുണക്കുന്ന പട്ടാള ഭരണകൂടവുമായി പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര സംഘർഷത്തിനുമേൽ പ്രകൃതിദുരന്തത്തിന്റെ ആഘാതം കൂടിയായപ്പോൾ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ ദുരന്തം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായി തീർന്നിരിക്കുന്നു. ഇതാദ്യമായല്ല മ്യാൻമറിലെ പട്ടാള ഭരണകൂടം റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ആവശ്യ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നത് . 2008 നർഗീസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പെരുമഴയിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ഒരു ലക്ഷത്തിലേറെ പേർ മ്യാൻമറിൽ കൊല്ലപ്പെട്ടിരുന്നു. അന്നും വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. മ്യാൻമറിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കമുള്ള പ്രതികരണമായിരുന്നു വിവിധ ലോകരാജ്യങ്ങളിൽ നിന്ന് നേരിടേണ്ടിവന്ന ഉപരോധങ്ങൾ . സ്വാഭാവികമായും അതിനുള്ള പ്രതികാര നടപടി എന്ന രീതിയിലും രോഹിംഗ്യൻ അഭയാർത്ഥികൾക്കുള്ള സഹായങ്ങൾ മ്യാൻമർ ഭരണകൂടം തടയുന്നതിനെ കാണാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം