ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെ കാണും. ഉച്ചയ്ക്ക് ഒരുമണിക്ക് ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം. കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ബിരേൻ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി. എന്നാൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, മണിപ്പുർ സന്ദര്‍ശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്‌രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കി. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുൽ പറഞ്ഞു. രാവിലെ മെയ്തെയ് ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽ ഗാന്ധിക്ക് ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വൻ വരവേൽപ് നൽകി.
Read More:7 ലക്ഷത്തിനു മുകളിലെങ്കിൽ മാത്രം ഉയർന്ന ടിസിഎസ്
സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ട്. റോഡ് മാര്‍ഗം പുറപ്പെടാന്‍ അനുമതി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ ഇല്ല എന്നതാണ് മണിപ്പുര്‍ നേരിടുന്ന പ്രതിസന്ധിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മണിപ്പുരിൽ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിനെത്തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാൽ മാർക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് വിഭാഗക്കാർ കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫിസിനു മുന്നിലും പ്രതിഷേധമുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം