മാലിദ്വീപിലെ ചില വിശേഷങ്ങൾ

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.

വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപുകൾ. കേരള തീരത്ത് നിന്ന് അടുത്താണ് മാലദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനും തിരുവനന്തപുരത്ത് എത്തുന്നത്.മാലിദ്വീപിന്റെ തലസ്ഥാനം, മാലി എന്നറിയപ്പെടുന്നു.

മാലിദ്വീപ് എന്ന പേര്‌ തമിഴ് പദങ്ങൾ ആയ മാല, ദ്വീപ എന്നീ പദങ്ങളിൽ നിന്നുമാണ് . ദ്വീപുസമൂഹം ഒരു മാല പോലെ കാണപ്പെടുന്നു എന്നതാണിതിന്‌ കാരണം. മറ്റൊരു അഭിപ്രായം ഉള്ളത് മഹിള+ദ്വീപ് എന്നതിനാണ്‌. എന്നാൽ ഇതിന്‌ ശക്തമായ തെളിവുകൾ ഇല്ല. ചില അറബി സഞ്ചാരികൾ (ഇബ്നു ബത്തൂത്ത) മഹൽ ദിബിയാത്ത് (കൊട്ടാരങ്ങളുടെ ദ്വീപ്) എന്ന് പരാമർശിച്ചു കാണുന്നുണ്ട്. മാലി ദിവേഹി രാജാവിൽ നിന്നുമാണ്‌ മാലിദ്വീപ് എന്ന പേര് വന്നത് .

നൂറ്റാണ്ടുകൾക്കുമുൻപു തന്നെ ഇന്ത്യയുമായും ശ്രീലങ്കയുമായും മാലിദ്വീപിനു ബന്ധമുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളിലെ സമുദ്രയാത്രികരുടെ ഇടത്താവളമായിരുന്നു മാലിദ്വീപ്. ഇൻ ഗിരിവാറു എന്നറിയപ്പെടുന്ന ജനവിഭാഗമാണത്രേ മാലിദ്വീപിലെ ആദിമനിവാസികൾ. തമിഴരിൽ നിന്നാണ് അവർ അവരുടെ വംശപാരമ്പര്യം അവകാശപ്പെടുന്നത്.

ഇതിഹാസമനുസരിച്ച് കോയ്മള എന്നു പേരുള്ള ഒരു സിംഹള രാജകുമാരനും ശ്രീലങ്കയിലെ രാജാവിന്റെ മകളായ അദ്ദേഹത്തിന്റെ ഭാര്യയും കയറിയ കപ്പൽ മാലിദ്വീപിലെ പവിഴപുറ്റിൽ കുടുങ്ങി നിന്നുപോയി. അവർ മടങ്ങി പോകാതെ മാലിദ്വീപിൽ തന്നെ താമസിച്ചു. ‘തീമുഗെ’ എന്ന രാജവംശം അവർ സ്ഥാപിച്ചു. അതിനു മുൻപ് ഗിരവാറുകൾക്കായിരുന്നു അവിടെ മുൻതൂക്കം. ഇസ്ലാമിക സംസ്കാരത്തിനാണിന്ന് മാലിദ്വീപിൽ പ്രാധാന്യം. 1980ൽ വിശ്രുത നോർവീജിയൻ പര്യവേക്ഷകനായ തോർ ഹെയർദാലിനെ മാലദ്വിപ് സർക്കാർ ചരിത്രഗവേഷണത്തിന് അനുവദിച്ചു. അദ്ദേഹം നടത്തിയ ഉത്ഖനനങ്ങളിൽ ഇസ്ലാമിന്റെ വരവിനും മുൻപുള്ള ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെടുത്തു. മാലിയിലെ നാഷണൽ മ്യൂസിയത്തിൽ അവ പ്രദർശിപ്പിച്ചിട്ടുണ്ട്. പല പുരാതന സമൂഹങ്ങളും മാലിദ്വീപിൽ ഉണ്ടായിരുന്നു. അവരുടെ ആരാധനാലയങ്ങളാണ് പിൽക്കാലത്ത് ഇസ്ലാമിക ദേവാലയങ്ങളായി മാറിയത്. ഒട്ടേറെ വിദേശസംസ്കാരങ്ങളും മാലിദ്വീപിലെത്തി. മലബാറിൽ നിന്നുള്ള മാപ്പിളമാരും ആ കൂട്ടത്തിലുണ്ടായിരുന്നു.

Read More:പുതിയ സാംസങ് എം34; 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററി

ബുദ്ധമതത്തിനു മേധാവിത്തമുണ്ടായിരുന്ന മാലിദ്വീപിൽ അറബിവ്യാപാരികളിലൂടെയാണ് ഇസ്ലാം മതം എത്തിച്ചേർന്നത്. 1153-ൽ അവസാനത്തെ ബുദ്ധമതസ്ഥനായ രാജാവ് ഇസ്ലാം മതം സ്വീകരിച്ചു. ഇതിനുശേഷം 1932 വരെ 8 രാജവംശങ്ങളും 84 സുൽത്താന്മാരും മാലിദ്വീപ് ഭരിച്ചു.1558-ൽ പോർച്ചുഗീസുകാർ മാലിദ്വീപിൽ ആധിപത്യമുറപ്പിച്ചു. 1563-ൽ മുഹമ്മദ് തക്രുഫാനു അൽ-അസം എന്ന വിപ്ലവകാരി ജനകീയമുന്നേറ്റത്തിലൂടെ പോർച്ചുഗീസുകാരെ രാജ്യത്തുനിന്ന് തുരത്തി. (ഇതിന്റെ സ്മരണയ്ക്കായി മാലിദ്വീപുകാർ ദേശീയദിനം ആചരിക്കുന്നു) പതിനേഴാം നൂറ്റാണ്ടിന്റെ മധ്യേ ഡച്ചുകാർ മാലിദ്വീപിൽ മേൽക്കോയ്മ നേടി. ശ്രീലങ്കയിലെ ഡച്ച് മേധാവിത്വം ബ്രിട്ടീഷുകാർ 1796-ൽ അവസാനിപ്പിച്ചതോടുകൂടി മാലിദ്വീപിൽ നിന്നും ഡച്ചുകാർ പുറത്തായി. ഇതോടെ മാലിദ്വീപ് ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായി. സുൽത്താൻ ഭരണം തുടർന്നുവെങ്കിലും ബ്രിട്ടനായിരുന്നു യധാർത്ഥ നിയന്ത്രണം. 1932 വരെ പരമ്പരാഗത സുൽത്താൻ വാഴ്ച്ച തുടർന്നു. അതിനുശേഷം സുൽത്താൻ സ്ഥാനം തിരഞ്ഞെടുക്കപ്പെട്ടവർക്കാ‍യി. പുതിയ ഭരണഘടനയും നിലവിൽ വന്നു.

1965 ജൂലൈ 25-ന് മാലിദ്വീപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾ നൂറ് വർഷത്തേക്ക് ഉപയോഗിക്കാൻ പാട്ടക്കരാർ ഒപ്പിട്ടുകൊണ്ടാണ് ബ്രിട്ടൻ സ്വാതന്ത്ര്യം അനുവദിച്ചത്. 1968-ൽ ദേശീയ ഹിതപരിശോധനയിലൂടെ മാലിദ്വീപിൽ സുൽത്താൻ ഭരണം അവസാനിച്ചു. ആദ്യ പ്രസിഡന്റായി ഇബ്രാഹിം നസീർ സ്ഥാനമേറ്റു. 1973-ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനില വഷളായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങൾ ബ്രിട്ടൻ ഉപേക്ഷിച്ചതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. 1978-ൽ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീർ സിംഗപ്പൂരിലേക്ക് പലായനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് പദം മൗമൂൺ അബ്ദുൾ ഖയൂം ഏറ്റെടുത്തു. 1978 മുതൽ തുടർച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നു. അദ്ദേഹത്തെ അട്ടിമറിക്കാൻ പലതവണ ശ്രമങ്ങളുണ്ടായി. 1988 നവംബർ മാസം സായുധരായ 80 തമിഴ് അക്രമികൾ (പ്ലോട്ട് എന്ന ശ്രീലങ്കൻ ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു അവർ) ഒരു കപ്പലിലെത്തി നടത്തിയ അട്ടിമറി ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഖയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന അബ്ദുള്ള ലുത്ഫി എന്ന മാലിദ്വീപുകാരൻ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നിൽ.

2008 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മൗമൂൺ അബ്ദുൽ ഖയൂമിനെ അട്ടിമറിച്ച് മുഹമ്മദ് നഷീദ് മാലിദ്വീപിന്റെ പ്രസിഡന്റ് ആയി. മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.

മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഖയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു. പ്രസിഡന്റ് ഖയൂമിന്റെ ഭരണത്തെയും നയങ്ങളെയും നഖശിഖാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.

മനുഷ്യാവകാശ പ്രവർത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയത്തടവുകാരനുമായിരുന്ന മുഹമ്മദ് നഷീദ് 30 വർഷത്തെ മുഹമ്മദ് ഖയൂമിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2008 ലാണ് അധികാരമേറ്റത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെ ഭാഗമായി കടലിനടിയിൽ മന്ത്രിസഭായോഗം ചേരുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ലോകരാജ്യങ്ങളിൽ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മാലദ്വീപിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് നഷീദ് 2012 ഫിബ്രവരി 7-ന് രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. ആഴ്ച്ചകൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിൽ രാജ്യത്തെ പോലീസുകാരും കലാപത്തിനിറങ്ങിയതോടെയാണ് അദ്ദേഹം ഒഴിയാൻ നിർബന്ധിതനായത്.[3] നഷീദ് പ്രസിഡണ്ട്‌ ആയിരിക്കുമ്പോൾ വൈസ്‌ പ്രസിഡണ്ട്‌ ആയിരുന്ന വഹീദ് ഹസ്സൻ ആയിരുന്നു 2013 വരെ മാലി ദ്വീപിന്റെ പ്രസിഡണ്ട്‌ . 2013 ലെ ഇലക്ഷനിൽ മുൻ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് നഷീദ്‌ നെ പിന്തള്ളികൊണ്ട് ഘയൂം ന്റെ അർധ സഹോദരനായ അബ്ദുല്ല യമീൻ ജയിക്കുകയും ചെയ്തു. 2018 ഫെബ്രുവരി യിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.ന്നും ഭാഷ്യം ഉണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം