റഷ്യയിലെ അട്ടിമറി ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ വാഗ്നര്‍ സ്വകാര്യ സേനാ മേധാവി യെവ്ഗനി പ്രിഗോഷിന്‍ ബെലാറസിലേക്ക് തിരിച്ചു എന്നാണ് അനൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. തന്‍റെ അണികളോടൊപ്പം പ്രിഗോഷിന്‍ റോസ്തോവ് ഓണ്‍ ഡോണില്‍ നിന്ന് പുറപ്പെടുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സായുധ കലാപാഹ്വാനം നടത്തിയിട്ടും രാജ്യദ്രോഹ നടപടികള്‍ ചെയ്തിട്ടും പ്രിഗോഷിനും കൂട്ടാളികള്‍ക്കും എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് ക്രെംലിന്‍. ബെലാറസ് പ്രസിഡന്‍റ് യെഷ് ചെങ്കോയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മോസ്കോ മാര്‍ച്ചില്‍ നിന്ന് പിന്മാറാന്‍ വാഗ്നര്‍ കൂലിപ്പട്ടാളം തീരുമാനിക്കുകയായിരുന്നു. വാഗ്നര്‍ തലവനായ പ്രിഗോസിന്‍ ബെലാറസിലേക്ക് തന്നെയാണ് ചേക്കേറുന്നത് എന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ എന്ത് മധ്യസ്ഥ ഉപാധികളാ അടിസ്ഥാനത്തിലാണ് വാഗ്നർ വിമത നേതാവ് ഭരണകൂട അട്ടിമറിയിൽ നിന്ന് പിന്മാറിയത് എന്നത് ഇനിയും പുറത്തുവന്നിട്ടില്ല.
തകർന്ന പ്രതിച്ഛായ
പ്രിഗോഷിനും അയാളുടെ കൂലിപ്പട്ടാളവും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഏൽപ്പിച്ച മുറിച്ച് ചെറുതല്ല. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെയും പലപ്പോഴും ഏകാധിപത്യ നയങ്ങളിലൂടെയുമൊക്കെ ലോകത്തിന് മുൻപിലും സ്വന്തം ജനതയ്ക്കു മുന്നിലും പുടിൻ കെട്ടിപ്പടുത്ത ഒരു ബിംബമുണ്ട്. ഐക്യത്തിന്റെയും സ്ഥിരതയുടെയും സ്വാധീനതയുടെയുമൊക്കെ പ്രതിബിംബം . പ്രിയ മിത്രവും യുദ്ധ പങ്കാളിയുമായ പ്രിഗേഷിന്റെ അപ്രതീക്ഷിതമായ പിന്നിൽ നിന്നുള്ള കുത്ത് അപ്പാടെ ഉലച്ചത് ആ പ്രതിബിംബത്തെയാണ്. രാഷ്ട്രീയ പ്രതിസന്ധി അകന്നതോടെ , ഇനി നിറം മങ്ങിയ തന്റെ പ്രതിബിംബത്തിന്റെ മുഖം മെച്ചപ്പെടുത്താനുള്ള നടപടികളാകും പുടിൻ ആരായുന്നത്.
ഒന്നുകിൽ ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് രാജ്യത്തിനും ഭരണത്തിനും എതിരായി അവർ പുറത്തു കൊണ്ടുവരുന്ന വാർത്തകളെ അപ്പാടെ തടയുക, അല്ലെങ്കിൽ അധിനിവേശം തുടരുന്ന യുക്രൈനിൽ വീണ്ടുമൊരു ആക്രമണം നടത്തി തങ്ങളിപ്പോഴും അതി ശക്തരാണെന്ന് ലോക രാജ്യങ്ങളെയടക്കം ബോധ്യപ്പെടുത്തുക. രണ്ടായാലും പ്രതിച്ഛായ തിരികെ പിടിക്കാൻ പുടിൽ ഭരണകൂടത്തിന് ഒരു പാട് വിയർപ്പൊഴുക്കേണ്ടിവരും. ശനിയാഴ്ച രാവിലെ ദേശീയ ടെലിവിഷനെ അഭിസംബോധന ചെയ്ത പുടിൻ
പ്രിഗോസിനെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ചിരുന്നു. . അദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാര്യം ഉക്രൈനിലെ യുദ്ധ പുരോഗതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നാണ്. പിന്നീട് പുടിൻ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ക്രംലിൻ വൃത്തങ്ങൾ നൽകുന്ന സൂചന.
Read More : മോസ്കോയില്‍ പ്രതിസന്ധിയകന്നു. പുടിന് ആശ്വാസം
പ്രിഗോസിന്റെ കൂലിപ്പട്ടാളം
2014 ൽ കിഴക്കൻ യുക്രൈനിൽ റഷ്യൻ അനുകൂല വിഘടന വാദികൾക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് വാഗ്നർ കൂലിപ്പട്ടാളത്തെ തിരിച്ചറിയപ്പെടുന്നത്. ആഫ്രിക്കയിലും പൂർവ്വേഷ്യയിലും രഹസ്യമായി പ്രവർത്തിച്ചിരുന്ന 250 അംഗങ്ങളുള്ള രഹസ്യ സംഘടനയായിരുന്നു അത് റഷ്യൻ സൈനിക റെജിമെന്റിൽ നിന്ന് വിരമിച്ചതും പിരിഞ്ഞു പോയതുമായ ഒരു കൂട്ടം സൈനികരായിരുന്നു സംഘടനയിൽ . 9 വർഷങ്ങൾക്കിപ്പുറം 50,000 പേരടങ്ങുന്ന കൂലിപ്പട്ടാളമായി വളർന്നു. 2022 ൽ റഷ്യയുടെ യുക്രൈൻ അധിനിവേശ സമയത്താണ് വാഗ്നർ കൂലിപ്പട്ടാളത്തിലേക്ക് കൂടുതൽ ആളുകളെ തെരഞ്ഞടുത്തത്. ജയിലുകളിൽ കഴിയുന്ന കൊടും കുറ്റവാളികളിൽ നിന്നടക്കമായിരുന്നു ആ തെരഞ്ഞെടുപ്പ് .
സ്വകാര്യ സൈന്യവും കൂലിപ്പട്ടാളവുമൊക്കെ റഷ്യയിൽ നിയമ വിരുദ്ധമാണ്. അതുകൊണ്ട് തന്നെ സെന്റ് പീറ്റേഴ്സ് ആസ്ഥാനമായി 2022 ൽ ഒരു കമ്പനിയായാണ് രജിസ്റ്റർ ചെയ്തത്. പിന്നീട് പരസ്യമായി തന്നെ വാഗ്നർ ഗ്രൂപ്പ് തങ്ങളുടെ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു തുടങ്ങി. ദേശസ്നേഹമുള്ള സംഘടനയെന്നാണ് മാധ്യമങ്ങൾ അന്ന് പ്രിഗോസിന്റെ സേനയെ വിശേഷിപ്പിച്ചത്.
ചെച്നിയൻ യുദ്ധത്തിൽ റഷ്യക്കായി പോരാടിയ മുതിർന്ന സൈനികൻ ദിമിത്രി ഉദ്കിൻ അദ്ദേഹമായിരുന്നു വാഗ്നർ ഗ്രൂപ്പിന്റെ ആദ്യ സേനാ തലവൻ. റഷ്യൻ സൈന്യത്തിൽ തന്റെ റേഡിയോ കാൾ സിഗ്നേച്ചറിൽ നിന്നാണ് വാഗ്നർ എന്ന പേര് സ്വകാര്യ സേനക്ക് നൽകിയത്.
യെവ്ഗ്നി പ്രിഗോസിൻ :- അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് .
വാഗ്നർ എന്ന സ്വകാര്യ കൂലിപ്പട്ടാളത്തിന്റെ തലപ്പത്തേക്ക് യെവ്ഗ്‌നി പ്രിഗോസിൻ എത്തുന്നത് കൗതുക കഥയാണ്. ഭരണ സിരാ കേന്ദ്രമായ ക്രംലിനിൽ ഭക്ഷണ വിതരണം നടത്തിയിരുന്ന ബിസിനസുകാരനായിരുന്നു പ്രിഗോസിൻ. പുടിൻസ് ഷെഫ് എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതു തന്നെ. നാവ് മനസിലേക്കുള്ള വഴിയെന്ന് പറയാറുണ്ട്. അത് വാക്കായാലും ഭക്ഷണമായാലും . ഈ രണ്ടു ഘടകങ്ങും കൊണ്ട് പ്രിഗോ സിൻ പുടിന്റെ മനസിൽ ഇടം നേടി..
ഒടുവിൽ പുടിന്‍റെ സുരക്ഷാ കാര്യങ്ങള്‍ മുഴുവന്‍ നോക്കുന്ന ഉത്തരവാദിത്തത്തിലേക്കടക്കം പ്രിഗോസിൻ എത്തി. തങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണലും റഷ്യന്‍ മിലിട്ടറി ഇന്‍റലിജന്‍സുമായി വാഗ്നര്‍ സംഘം ബന്ധപ്പെടുത്തിയിരുന്നു. False flag എന്ന കുടില രാഷ്ട്രീയ- യുദ്ധ തന്ത്രം യുക്രൈനിൽ നടപ്പിലാക്കിയത് പ്രിഗോസിന്റെ വാഗ്നർ ഗ്രൂപ്പാണ്. ഒരു പക്ഷെ യുക്രൈനിൽ റഷ്യക്കു വേണ്ടി യുദ്ധം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഈ കൂലിപ്പട്ടാളത്തിന്റെ നേതൃത്വത്തിൽ ആണെന്ന് പറയാം..എതിരാളികളെ നിര്‍ദ്ദയം കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് ഇവര്‍.
വാഗ്നര്‍ സംഘത്തിന് ആവശ്യമായ ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്ക പുടിന്‍ നല്‍കിയിരുന്നു. യുക്രൈന്‍ നഗരമായ ബാക്ടത് കീഴടക്കിയത് വാഗ്നറുടെ നേതൃത്വത്തിലാണ്. ഇതിന് പിന്നാലെ യുക്രൈനിലെ രക്തരൂക്ഷിതമായ യുദ്ധത്തിന്‍റെ ആവശ്യകതയെ പ്രിഗോസിന്‍ ചോദ്യംചെയ്തുവെന്നും പ്രതിരോധമന്ത്രാലയത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി എന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി തങ്ങള്‍ക്ക് ആയുധങ്ങളും പിന്തുണയും നിഷേധിക്കുന്നുവെന്ന് പ്രതിരോധമന്ത്രിക്കെതിരെ പ്രിഗോസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിരോധമന്ത്രാലയം വാഗ്നര്‍ സേനയുടെ ആവശ്യങ്ങളും ആരോപണങ്ങളും നിഷേധിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെയായി യുക്രൈനിൽ റഷ്യൻ സൈന്യം നടത്തിയ ബോംബിങ്ങിൽ നിരവധി വാഗ്നർ പോരാളികൾ കൊല്ലപ്പെട്ടത്..
ലോക മാപ്പിലേക്കുള്ള നുഴഞ്ഞുകയറ്റം.
സിറിയയിൽ സർക്കാരിനൊപ്പം നിന്ന് പോരാടുകയും എണ്ണപ്പാടങ്ങൾക്ക് കാവൽ നിൽക്കുകയും ചെയ്യുമ്പോൾ ലിബിയയിൽ ജനറൽ ഖാലിഫ ഹഫ്താറിനോടാണ് കൂറ്. മധ്യ ആഫ്രിയ്ക്കയിലെ രത്ന ഖനികൾക്കും സുഡാനിലെ സ്വർണ്ണഖനികൾക്കുo കാവ നിൽക്കുന്നത് ഈ കൂലിപ്പട്ടാളമാണ്. ഇസ്ലാമിക തീവ്രവാദികളെ നേരിടാൻ മാലിയും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളും വാഗ്നറുടെ സഹായം തേടുന്നു. തിരിച്ച് ഇവരിൽ നിന്നൊക്കെയാണ് പ്രിഗോസിന്റെ സ്വകാര്യ സേന തങ്ങളുടെ പ്രവർത്തങ്ങൾക്കാവശ്യമായ പണവും ആയുധങ്ങളും കോപ്പു കൂട്ടുന്നത് .
ബുച്ചയിലും കൈവിലും ബാക്ട തിലും വാഗ്നർ കൂലിപ്പട്ടാളത്തിന്റെ യുദ്ധ കുറ്റകൃത്യങ്ങൾക്ക് കൈയും കണക്കുമില്ല.
ആഗോള തലത്തില്‍ തന്നെ വ്യാപര ബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള വാഗ്നര്‍ സംഘടനയെ അമേരിക്ക ക്രിമിനല്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം