പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിൽ പുല്ലംവേലിക്കാവ് ഭഗവതിക്ഷേത്രത്തിനു സമീപം കൊരുമ്പശ്ശേരി അംഗനവാടിയോട് ചേർന്ന് കാവുങ്ങപ്പറമ്പിൽ നളിനിച്ചേച്ചിയ്ക്ക് സ്വന്തമായുണ്ടായിരുന്നത് 9 സെന്റ് ഭൂമിയും
500 സ്‌ക്വയർ ഫീറ്റ് വീടും. ഇരുപത്തഞ്ച് ലക്ഷത്തോളം മതിപ്പുവിലയുള്ള ഇവ രണ്ടും സേവാഭാരതി പ്രസ്ഥാനത്തിന് സൗജന്യമായി എഴുതി നൽകിയിരിക്കുകയാണ് 69 വയസ്സുള്ള അവിവാഹിതയായ നളിനി. തന്റെ ശിഷ്ടകാലജീവിതം ആലുവ ചൊവ്വരയിലെ ഗ്രാമസേവാസമിതിയുടെ ‘വാനപ്രസ്ഥ’കേന്ദ്രം വൃദ്ധസദനത്തിൽ തുടങ്ങിക്കഴിഞ്ഞു അവർ. സേവാഭാരതിയുടെ സന്നദ്ധസേവന പ്രവർത്തങ്ങളോടും ജീവകാരുണ്യപ്രവർത്തങ്ങളോടുമുള്ള ആഭിമുഖ്യവും വിശ്വാസവുമാണ് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന തന്റെ സ്വത്തുക്കൾ സൗജന്യമായി പ്രസ്ഥാനത്തിന് കൈമാറാൻ അവരെ പ്രേരിപ്പിച്ചത്.
കുന്നത്തുനാട് സബ് രജിസ്ട്രാർ ഓഫീസ് വഴി രേഖാമൂലം ചൊവ്വര ഗ്രാമസേവാസമിതിയിലൂടെ സേവാഭാരതിയ്ക്ക് എഴുതി നൽകിയ കെട്ടിടത്തിൽ പ്രാദേശികമായി സേവനപ്രവർത്തങ്ങൾ ഏകോപിപ്പിയ്ക്കുന്നത് കൊരുമ്പശ്ശേരി ആസ്ഥാനമായുള്ള ജീവധാര മാനവസേവാകേന്ദ്രമാണ്. കെട്ടിടത്തിന്റെ താക്കോൽക്കൈമാറ്റവും ജീവധാര മാനവസേവാകേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനവും ഞായറാഴ്ച നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പെരുമ്പാവൂർ ഖണ്ഡ് സംഘചാലക് എം. രാജശേഖര പണിയ്ക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവധാര മാനവസേവാകേന്ദ്രം സെക്രട്ടറി വിനോദ് ഗോപിനാഥ് സ്വാഗതം പറഞ്ഞു.
നളിനി കാവുങ്ങപ്പറമ്പിൽ ഭദ്രദീപം തെളിയിച്ചു. ചൊവ്വര ഗ്രാമസേവാസമിതി അധ്യക്ഷൻ പി. സന്തോഷ്‌കുമാർ കെട്ടിടത്തിന്റെ താക്കോൽ ഏറ്റുവാങ്ങി, സേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി എറണാകുളം ജില്ലാ സെക്രട്ടറി എ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പർ ഹരിദാസ് നാരായണൻ നളിനി കാവുങ്ങപ്പറമ്പിലിനെ പൊന്നാട ചാർത്തി ആദരിച്ചു.
സേവാഭാരതി കൂവപ്പടി മേഖലാ അദ്ധ്യക്ഷൻ എം.എസ്. രാധാകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സന്ധ്യ രാജേഷ്, ശശികല രമേഷ്, ഹരിഹരൻ പടിയ്ക്കൽ, എൻ.കെ. സജീവ്, ജെ.പി. സന്തോഷ്, രാഹുൽ രാമൻ, എം.പി. പ്രവീൺകുമാർ ജീവധാര മാനവസേവാ കേന്ദ്രം ട്രഷറർ ബൈജു എം.എം., എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിസ്വാര്‍ത്ഥ സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഉജ്ജ്വലമാതൃകയായി ജീവധാര കൂവപ്പടിയിൽ പ്രവർത്തിയ്ക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.