കൊച്ചി: ജപ്പാനിലെ സ്പോര്‍ട്സ്ലാന്‍ഡ് സുഗോ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2023 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടില്‍ ആദ്യ പത്തില്‍ ഫിനിഷ് ചെയ്ത ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിലെ ഏക റൈഡറായ കാവിന് സമര് ക്വിന്റല്‍ ആണ് ഞായറാഴ്ച നടന്ന രണ്ടാം റേസില്‍ കടുത്ത വെല്ലുവിളികള്‍ മറികടന്ന് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഹോണ്ട ടീമിനായി നിര്‍ണായകമായ എട്ട് പോയിന്റുകളും കാവിന് സ്വന്തമാക്കി.
ഏഷ്യന്‍ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ 18ാം സ്ഥാനത്ത് മത്സരം തുടങ്ങിയ കാവിന്, ആദ്യ ലാപ്പുകള്‍ക്ക് ശേഷം 11ാം സ്ഥാനത്തേക്ക് കയറി. വീണ്ടും കുതിപ്പ് നടത്തിയ താരം 20’24.717 ആകെ ലാപ് സമയത്തില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. എട്ട് പോയിന്റുകള്‍ കൂടി നേടിയതോടെ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം ചാമ്പ്യന്‍ഷിപ്പിലെ ഓവറോള്‍ പൊസിഷനിലും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുകളാണ് ടീമിനുള്ളത്. 2023 ഓഗസ്റ്റ് 11 മുതല്‍ 13 വരെ ഇന്തോനേഷ്യയിലാണ് 2023 എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ട് മത്സരങ്ങള്‍.
ഇന്നത്തെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും, ഹോണ്ടയുടെ വിലമതിക്കാനാകാത്ത മാര്‍ഗനിര്‍ദേശത്തിനും പരിശീലനത്തിനും നന്ദി പറയുന്നതായും കാവിന് ക്വിന്റല്‍ മത്സരത്തിന് ശേഷം പ്രതികരിച്ചു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ടോപ് ടെന്‍ ഫിനിഷിലൂടെ ടീമിന് അഭിമാനമായ കാവിന്, തന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്ന് പ്രകടിപ്പിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. വരാനിരിക്കുന്ന റൗണ്ടുകളില്‍ ടീം അവരുടെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.