റഷ്യയില്‍ പ്രതിസന്ധി അകന്ന ആശ്വാസത്തില്‍ പുടിന്‍ ഭരണകൂടം. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മോസ്കോയിലേക്കുള്ള വിമത നീക്കത്തില്‍ നിന്ന് വാഗ്നര്‍ കൂലിപ്പട്ടാളം പിന്മാറി. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാനാണ് മടങ്ങാനുള്ള തീരുമാനമെന്ന് വാഗ്നര്‍ തലവന്‍ യെവ്ഗിനി പ്രിഗോസിന്‍. ബെലാറസ് പ്രസിഡന്‍റും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ സഖ്യകക്ഷിയുമായ അലക്സാണ്ടര്‍ ലുക്കാഷെങ്കോയിമായി ഒരു പകല്‍ മുഴുവന്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രിഗോസിന്‍ നിലപാട് മാറ്റിയത്. ഏതാണ്ട് 5000ത്തോളം വരുന്ന വാഗ്നര്‍ സേനാംഗങ്ങള്‍ മോസ്കോ ലക്ഷ്യമാക്കി മാര്‍ച്ച് തുടങ്ങിയ ശേഷമാണ് തിരിച്ചു മടങ്ങാന്‍ തീരുമാനിച്ചത്.
ആത്മമിത്രം തിരിച്ചടിച്ചു.
യുക്രൈന്‍ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ നേരിട്ടത്. തന്‍റെ വാഗ്നര്‍ സേനയിലെ ചില അംഗങ്ങളെ പുടിന്‍റെ സൈന്യം വകവരുത്തിയെന്നും അതിന് തിരിച്ചടിയ്ക്കുമെന്നും റഷ്യക്ക് പുതിയ പ്രസിഡന്‍റ് ഉണ്ടാകുമെന്നും പ്രിഗോസിന്‍ നേരത്തെ പറഞ്ഞിരുന്നു. 25,000 പേര്‍ വരുന്ന വിമത സൈന്യവുമായി റഷ്യയിലേക്ക് കടന്നുവെന്നും തെക്കന്‍നഗരമായ റോസ്റ്റോവ് ഓണ്‍ ഡോണിന്‍റെ നിയന്ത്രണം പിടിച്ചെടുത്തെന്നും വ്യോമത്താവളം തന്‍റെ നിയന്ത്രണത്തിലായെന്നും ഇന്നലെ രാവിലെ പ്രഖ്യാപനവും നടത്തി. മോസ്കോയ്ക്ക് തെക്കുള്ള വോറോനെസ് നഗരത്തിലെ സൈനിക സംവിധാനങ്ങളുടെ നിയന്ത്രണവും വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തു. തങ്ങള്‍ക്ക് അഴിമതിയും കാപട്യവും നിറഞ്ഞ ഭരണത്തില്‍ ജീവിക്കണ്ട എന്നും ഇത് നീതിക്കു വേണ്ടിയുള്ള യുദ്ധമാണെന്നുമാണ് വാഗ്നര്‍ വിമത സേനയുടെ പ്രഖ്യാപിത നിലപാട്.
തടവുകാരെയും കൂറുമാറുന്നവരെയും കൂടംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവരുടെ ഇഷ്ടവിനോദം. വ്യാപകമായ പീഡനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന സംഘമാണ് ഇവര്‍. റഷ്യയിലെ ജയിലില്‍ കഴിയുന്ന കുറ്റവാളികളില്‍ നിന്നടക്കമാണ് വാഗ്നര്‍ സേനയിലേക്കുള്ള നിയമനം. വാഗ്നര്‍ സംഘത്തിന് ആവശ്യമായ ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്ക പുടിന്‍ നല്‍കിയിരുന്നു. പുടിനെ എതിര്‍ക്കുന്നവര്‍ അത് ലോകത്ത് എവിടെയായിരുന്നാലും കൊല്ലപ്പെടുന്നതിന് പിന്നില്‍ ഈ കൂലിപ്പട്ടാളം തന്നെയായിരുന്നു. യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചവരാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളം. എതിരാളികളെ നിര്‍ദ്ദയം കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് ഇവര്‍. പിന്നീട് യുക്രൈനെതിരായ യുദ്ധത്തില്‍ പ്രഗോസിന്‍ വ്യക്തിപരമായ തീരുമാനങ്ങളിലേക്ക് കടന്നു.
കഴിഞ്ഞമാസം യുക്രൈന്‍ നഗരമായ ബാക്ടത് കീഴടക്കിയത് വാഗ്നറുടെ നേതൃത്വത്തിലാണ്. ഇതിന് പിന്നാലെ യുക്രൈനിലെ രക്തരൂക്ഷിതമായ യുദ്ധത്തിന്‍റെ ആവശ്യകതയെ പ്രിഗോസിന്‍ ചോദ്യംചെയ്തുവെന്നും പ്രതിരോധമന്ത്രാലയത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി എന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി തങ്ങള്‍ക്ക് ആയുധങ്ങളും പിന്തുണയും നിഷേധിക്കുന്നുവെന്ന് പ്രതിരോധമന്ത്രിക്കെതിരെ പ്രിഗോസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിരോധമന്ത്രാലയം വാഗ്നര്‍ സേനയുടെ ആവശ്യങ്ങളും ആരോപണങ്ങളും നിഷേധിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിലേക്കും ആഭ്യന്തര യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. മാത്രമല്ല യുക്രൈന്‍ യുദ്ധത്തിന്‍രെ ഭാഗമായി വാഗ്നര്‍ ഗ്രൂപ്പ് ഉത്തര കൊറിയയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ അമരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി പുറത്ത് വിട്ടിരുന്നു.
പുടിന്‍റെ ബിനാമി
റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ വിശ്വസ്തനും വ്യവസായിയുമായിരുന്ന യെവ്ഗന്‍സി പ്രിഗോസിന്‍ 2014ലാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക സംഘം രൂപീകരിച്ചത്. 250 പേരുമായ തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് 50000 പേരുള്ള വന്‍ സംഘമായി മാറി. ദിമിത്രി ഉത്കിന്‍ ആണ് വാഗ്നര്‍ കൂലിപ്പട്ടാളത്തിന്‍റെ തലവന്‍. പുടിന്‍റെ സുരക്ഷാ കാര്യങ്ങള്‍ മുഴുവന്‍ നോക്കിയിരുന്നത് ഈ സംഘടനയാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണലും റഷ്യന്‍ മിലിട്ടറി ഇന്‍റലിജന്‍സുമായി വാഗ്നര്‍ സംഘം ബന്ധപ്പെടുത്തിയിരുന്നു.ആഗോള തലത്തില്‍ തന്നെ വ്യാപര ബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള വാഗ്നര്‍ സംഘടന അമേരിക്കയുടെ ക്രിമിനല്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം