കൊച്ചി∙ നടൻ ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നല്‍കേണ്ടെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്സിക്യൂട്ടിവിൽ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കളുടെ വിലക്ക് നിലനിൽക്കുന്നതിനാലാണ് അംഗത്വം ഉടനെ പരിഗണിക്കേണ്ടെന്നു തീരുമാനമുണ്ടായത്. നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ എക്സിക്യൂട്ടിവ് വീണ്ടും ചർച്ച ചെയ്യാനാണ് ധാരണ. നടി നിഖിലാ വിമൽ അടക്കം ഏഴു പേർക്ക് അംഗത്വം നൽകാനും യോഗം തീരുമാനിച്ചു.
യുവ നടൻ ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഷെയ്ൻ നിഗവുമായി നിസ്സഹകരിക്കുമെന്ന് സിനിമാ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഷെയ്ൻ അമ്മ അംഗമാണ്. പ്രശ്ന പരിഹാരത്തിനായി തുടർ ചർച്ചകൾ നടത്തും.
Also read : പകര്‍ച്ചപ്പനി പ്രതിരോധം: സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം, ദിശ കോള്‍ സെന്ററുകള്‍ സജ്ജം
സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരസംഘടനയായ അമ്മയിൽ അംഗത്വത്തിനായി ശ്രീനാഥ് ഭാസി അപേക്ഷ സമർപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അമ്മയുടെ ഓഫിസിലെത്തിയാണ് അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.
ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്. നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം