മനുഷ്യത്വമാണ് മതം; അവയവദാനത്തിനെതിരായ വർഗീയ പ്രചാരണങ്ങൾക്കെതിരെ തിരിച്ചടിച്ച് ആരോഗ്യ മേഖലയിലെ പ്രമുഖർ

കൊച്ചി: ആരോഗ്യ മേഖലയെ തന്നെ തകർക്കുന്ന  പ്രചാരണങ്ങൾക്കാണ് ഏതാനും ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. അവയവ ദാനത്തെ ഏറ്റവും മഹത്തായ പ്രവർത്തനമായി കാണുന്നവരാണ് മലയാളികൾ. ഇതിനെതിരായി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന ആരോപണങ്ങൾ അപരനിന്ദയിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കുമായിരുന്നു വഴി വെച്ചത്.  ആരോപണങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫും, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റായ ഫർഹാൻ യാസീനും. മനുഷ്യത്വമാണ് ഞങ്ങളുടെ മതമെന്നും മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്നുമായിരുന്നു ഫർഹാൻ യാസീന്റെ മറുപടി.

അവയവങ്ങൾ തട്ടിയെടുക്കാൻ 18 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ കൊന്നു കളയാൻ മാത്രം കണ്ണിൽ ചോര ഇല്ലാത്ത കിരാത കൂട്ടമാണ് കേരളത്തിലെ വൈദ്യ സമൂഹം എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു ഡോ. ജോ ജോസഫിന്റെ ചോദ്യം. വിവാദങ്ങൾക്ക് കാരണമായ കേസിലെ പരാതിക്കാരനായ ഡോ. ഗണപതി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയുള്ള ഇരുവരുടെയും പ്രതികരണം. കടുത്ത വർഗീയ പരാമർശവും മുഴുവൻ ഡോക്ടർമാരെയും അപമാനിക്കുന്ന തരത്തിലുമായിരുന്നു അഭിമുഖം.

കേരളത്തിൽ ഏറ്റവും കൂടുതൽ മസ്തിഷ്ക മരണം സംഭവിക്കുന്നത് മുസ്ലീം ഡോക്ടർമാരുടെയോ മുസ്ലീം ബിസിനസ് മാന്മാരുടെയോ ആശുപത്രികളിലാണ്. രണ്ട് വർഷം കൊണ്ട് 148 പേർക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അതിൽ ആകെ ഒരു മുസ്ലിം സഹോദരനാണുള്ളത്. അതായത് 0.7 ശതമാനം മാത്രം മുസ്ലീം സഹോദരന്മാർക്ക് ആക്സിഡന്റ് പറ്റില്ലേ, അവർക്ക് കാറും, ബൈക്കും ആക്സിഡന്റുമില്ലേ എന്നായിരുന്നു പരാമർശം.  വ്യാപകമായി പ്രചരിക്കുന്ന മറ്റൊരാരോപണം  രണ്ട് കിഡ്നിക്ക് 20 ലക്ഷം, ലിവർ 30 ലക്ഷം, പാൻക്രിയാസ് 30 ലക്ഷം, ഇൻറ്റസ്റ്റൈൻ 30 ലക്ഷം, കൈകൾ 30 ലക്ഷം, ഹൃദയം ഒരു കോടി എന്നിങ്ങനെയാണ് വില വരുന്നതെന്നുമെന്നായിരുന്നു അഭിമുഖത്തിൽ പറഞ്ഞത്.

ഇവയെ പൊളിച്ചടക്കുന്ന മറുപടികളായിരുന്നു ഡോ. ജോ ജോസഫും ഫർഹാൻ യാസീനും ഫേസ്ബുക്കിലൂടെ നൽകിയത്.

പല രാജ്യങ്ങളിലും ബ്രെയിൻ ഡെത്തിനു ശേഷം മാത്രം ആവശ്യത്തിന് അവയവങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ഡോണേഷൻ ആഫ്റ്റർ സർക്യൂലറ്ററി ഡെത്ത് എന്ന കൺസെപ്റ്റിലേക്ക് പോകുകയാണ്. അതായത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളും ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളും നിലച്ചതിനുശേഷം മരണം സ്ഥിരീകരിച്ച് കഴിഞ്ഞാൽ അവയവങ്ങൾ എടുക്കുന്ന പ്രക്രിയ. അതായത് ഏതൊരു മരണത്തിനുശേഷവും ചില അവയവങ്ങൾ എടുക്കാൻ പറ്റുന്ന അവസ്ഥ. അക്കാലത്താണ് ശാസ്ത്ര പ്രബുദ്ധതയുള്ള ജനം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ട്രാൻസ്പ്ലാന്റേഷൻ എന്ന ശാസ്ത്രശാഖയെ കൊല്ലാകൊല ചെയ്യാനുള്ള ശ്രമം നടക്കുന്നതെന്നും അങ്ങനെയെങ്കിൽ തൊട്ടടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമുള്ള അവയവദാനം ഒഴികെ ബാക്കിയെല്ലാം നിയമം മൂലം നിരോധിച്ചോളൂ എന്നും ജോ ജോസഫ് പറഞ്ഞു.  

രോഗശാന്തിക്കായി ഞങ്ങളുടെ ആശുപത്രികളില്‍ എത്തുന്നവരെ ജാതിയുടെയോ മതത്തിന്റെയോ സാമ്പത്തികത്തിന്റെയോ അതിരുകളില്‍ വേര്‍തിരിച്ച് കാണുകയോ മുന്‍വിധിയോടെ പ്രവര്‍ത്തിക്കാറില്ലെന്നും കേവലം ഒരു മനുഷ്യജീവന്‍ കാത്തുസൂക്ഷിക്കാന്‍ ഞങ്ങളെക്കൊണ്ട കഴിയാവുന്ന പരമാവധി കാര്യങ്ങള്‍ പഴുതുകളില്ലാതെ ചെയ്യാനാണ് ശ്രമിക്കാറുള്ളതെന്നുമായിരുന്നു ഫർഹാൻ യാസിന്റെ വാക്കുകൾ. മരണാനന്തരം എന്റെ അവയവങ്ങളിലൂടെ മറ്റൊരാള്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കുമെങ്കില്‍ പൂര്‍ണ്ണസമ്മതത്തോടെ അവയവദാനത്തിന് ഞാന്‍ എന്റെ സമ്മതം അറിയിക്കുകയാണ്. എന്റെ സഹോദരങ്ങളോടും ഇത് മാത്രമാണ് അഭ്യര്‍ത്ഥിക്കുനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണപതിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവർ ഉൾപ്പടെയുളള പ്രമുഖരും രംഗത്തെത്തിയിരുന്നു. അതേസമയം വർഗീയ പരാമർശം നടത്തിയതിന്  ഡോ. ഗണപതിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. കൊച്ചിയിലെ അഭിഭാഷകനായ ആർ.എൻ സന്ദീപാണ് പരാതി നൽകിയത്.