പാലക്കാട്∙ വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ.വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫിസിലാണ് കുഴഞ്ഞുവീണത്. വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. വിദ്യയ്ക്കു നിർജലീകരണമെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വിദ്യ ആശുപത്രിയിൽ തുടരും. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. ഇന്നലെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു. നാളെ കോടതിയിൽ ഹാജരാക്കണം.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.
read also : വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്റ്റിൽ
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു. ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. മുൻപ് പാലക്കാട്ടും കാസർകോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കരിന്തളം കോളജ് പ്രിൻസിപ്പലിന്റെ പരാതിയിലും വിദ്യയ്ക്കതിരെ കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം