പെരുമ്പാവൂർ: കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി. എൻ. പണിയ്ക്കരെയും കേരള ഗ്രന്ഥശാലാ സംഘത്തെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും പരിപോഷിപ്പിച്ച ഐ.വി. ദാസിനെയും അനുസ്മരിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണത്തിന് തൊടാപ്പറമ്പ് ജാലകം പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. ജൂൺ 19-ന് അക്ഷരദീപം പരിപാടിയോടെ ആരംഭിച്ച പക്ഷാചരണം ജൂലൈ 7-നാണ് സമാപിയ്ക്കുന്നത്. വ്യാഴാഴ്ച തൊടാപ്പറമ്പ് വ്യാസ വിദ്യാനികേതനിലെ കുട്ടികൾക്കായി പുസ്തകപരിചയം പരിപാടി സംഘടിപ്പിച്ചിരുന്നു. നിരവധി കുട്ടികളാണ് ലൈബ്രറി സന്ദർശിച്ചത്. ലൈബ്രറി പ്രസിഡന്റ് ബി. വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസവകുപ്പിലെ റിട്ടയേർഡ്
അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ജി. ഉണ്ണികൃഷ്ണൻ പി.എൻ. പണിയ്ക്കർ അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട. അധ്യാപകൻ എം.വി. വേലപ്പൻ, പഞ്ചായത്തംഗവും ലൈബ്രറി സെക്രട്ടറിയുമായ ജിജി സെൽവരാജ്, രാജി ശ്രീകുമാർ, വ്യാസ വിദ്യാനികേതനിലെ അധ്യാപിക അബിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.