കൊച്ചി: വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി, ചെന്നൈ ആസ്ഥാനമായുള്ള സവീത സർവകലാശാല സംഘടിപ്പിച്ച പത്താമത് സവീത ട്രാൻസ് ഡിസിപ്ലിനറി വാർഷിക ഉച്ചകോടിക്ക് സമാപനമായി. വിവിധ മേഖലകളിലുള്ള പണ്ഡിതരും ഗവേഷകരും സംബന്ധിച്ച സമാപന സമ്മേളനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുബർണ റോയ് ഉത്ഘാടനം ചെയ്തു. അറുനൂറോളം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ അവതരിപ്പിച്ച 3217 പോസ്റ്ററുകൾ ശ്രദ്ധേയമായി. ഗവേഷണത്തിലൂന്നിയ പോസ്റ്ററുകളായിരുന്നു ഇവയെല്ലാം. അതിനിടെ, പരമാവധി നൂതനമായ ശാസ്ത്രീയ അവതരണങ്ങൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്ന ആദ്യത്തെ ഡെന്റൽ സ്ഥാപനം എന്ന അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും സവീത ഡെന്റൽ കോളേജ് കരസ്ഥമാക്കി. മികച്ച പോസ്റ്റർ സൃഷ്ടികൾക്ക് പുരസ്കാരവിതരണവും നടന്നു.
ചടങ്ങിൽ എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സുധ ശേഷയ്യൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജീവ് കുമാർ ചുഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുടെ ഡയറക്ടർ ജനറൽ ഡോ. മീന കുമാരി, ഐസിഎംആർ ഹൈദരാബാദ് ഡയറക്ടർ ഡോ. രാമചന്ദ്ര ഗുഡ്ഡെ, ട്രിവിട്രോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജി എസ് കെ വേലു, ഓറൽ & മാക്സിലോഫേഷ്യൽ റേഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജയ് മലയ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കുകയും ദന്തചികിത്സാ മേഖലയിലെ ശാസ്ത്രീയ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നതാണ് ട്രാൻസ് ഡിസിപ്ലിനറി വാർഷിക ഉച്ചകോടി.