കൂവപ്പടി ജി. ഹരികുമാർ
ആലുവ: അന്താരാഷ്ട്ര യോഗാദിനത്തിൽ ആലുവ അദ്വൈതാശ്രത്തിൽ അവതരിപ്പിയ്ക്കപ്പെട്ട ദൈവദശകം യോഗ, ശ്രീനാരായണീയ ഭക്തസമൂഹത്തിന് വ്യത്യസ്തമായ അനുഭവമായി മാറി. ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനഗീതത്തെ യോഗയുടെ വ്യായാമ ചാരുതകളിലേയ്ക്ക് സന്നിവേശിപ്പിച്ച് കലാപരമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് കൊച്ചി എളമക്കര സ്വദേശിയും യോഗ പരിശീലകയുമായ അഞ്ജന സന്തോഷ് ആണ്. ഗുരുദേവകൃതികളെ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ ‘എന്റെ ഗുരു’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആലുവയിൽ പരിപാടി സംഘടിപ്പിച്ചത്.
മനുഷ്യ മനസ്സിനെ പവിത്രീകരിക്കാനും പുതിയ ജ്ഞാനമേഖലയിലേക്കു ഉയർത്താനുമുള്ള കഴിവ് ദൈവദശകം പ്രാർഥനക്കുണ്ട്.
ദൈവമെന്ന പരമമായ സത്യത്തിനു മുന്നിലേക്ക് ഏതു മനുഷ്യനെയും ആനയിക്കാൻ കെൽപ്പുള്ള സരളവും ലളിതവും ആശയ ഗംഭീരവുമാർന്ന പ്രാർഥനയായ ദൈവദശകം ഇന്നു രാജ്യാതിർത്തികൾ കടന്നു വ്യത്യസ്ത ഭാഷകളെയും സംസ്കാരങ്ങളെയും ധന്യമാക്കി ലോകമെങ്ങും വ്യാപിക്കുകയാണെന്ന് അഞ്ജന പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായ വിശ്വമാനവിക ദർശനം നൽകുന്ന ശ്രീനാരായണഗുരുവിന്റെ ദൈവദശകം യോഗയുടെ വ്യായാമ ചലനചാരുതകളിലേക്കു പരിഭാഷപ്പെടുത്തിയതോടെ പുതിയ ഒരു ചുവടുകൂടി പിന്നിട്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ദൈവദശകം വായിക്കപ്പെടുക മാത്രമല്ല, ദൃശ്യവത്കരിയ്ക്കപ്പെടണം എന്ന ചിന്തയിൽ നിന്നാണ് അഞ്ജനയുടെ മനസ്സിൽ ഈ ആശയം രൂപപ്പെട്ടത്. സൂര്യ നമസ്കാരത്തിൽ തുടങ്ങി ധ്യാനത്തിൽ അവസാനിയ്ക്കുന്ന വിധം 27 യോഗാസനങ്ങൾ ഉൾപ്പെടുത്തിയാണു ദൈവദശകം യോഗ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. പാദഹസ്താസന, അർധചക്രാസന, ഗോമുഖാസന, പത്മാസന, ഉദിതപിഭാസന, പവനമുക്താസന, വൃക്ഷാ സന, നടരാജാസന എന്നിവയും ദൈവദശകം യോഗയിലൂടെ പഠിതാക്കൾക്ക് പകർന്നുനൽകി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധതീർത്ഥ യോഗസന്ദേശം നൽകി. എന്റെ ഗുരു എറണാകുളം ജില്ലാ ചെയർപേഴ്സൺ സുനന്ദ ശബരീശൻ, കോ-ഓർഡി
നേറ്റർമാരായ കലാമണ്ഡലം പ്രിയം, ശ്രീരാഗം വാസുദേവൻ, അഞ്ജലി സുമേഷ് , വിനോദ് കക്കറ എന്നിവർ നേതൃത്വം നൽകി.