തൃശൂർ: ജില്ലയുടെ ഭാവി വികസനത്തിനായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) കിലയുടേയും ഇസാഫ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ തയാറാക്കിയ തൃശൂർ വിഷൻ 2047 വികസന രൂപരേഖയെ ആസ്പദമാക്കി ജൂൺ 24ന് ഏകദിന വികസന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ വരുന്ന ഭോപ്പാൽ ആസ്ഥാനമായ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിലെ ഡിപ്പാർട്മെൻറ് ഓഫ് അർബൻ ആൻഡ് റീജിയണൽ പ്ലാനിങ്ങിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ടിഎംഎയ്ക്കു വേണ്ടി തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ പഠനം നടത്തി വികസന രൂപരേഖ തയാറാക്കിയത്. ഇതിനെ അടിസ്ഥാനമാക്കി റീജണൽ പ്ലാൻ ഫോർ തൃശൂർ ഡിസ്ട്രിക്ട്: ഫ്യൂച്ചർ പ്രൂഫിങ് തൃശൂർ എന്ന വിഷയത്തിൽ മുളങ്കുന്നത്തുകാവ് കില ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല രാവിലെ ഒമ്പതിന് തുടങ്ങി വൈകീട്ട് അഞ്ചിന് സമാപിക്കും.
റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, പട്ടികജാതി-പട്ടികവര്ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ, പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്സ്, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോൾ തോമസ്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം, തൃശൂർ ജില്ലാ കലക്ടർ വി. ആർ. കൃഷ്ണ തേജ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. തൃശൂർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും 16 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ്-സെക്രട്ടറിമാർ, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്-സെക്രട്ടറിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.