ന്യൂയോർക്ക് : പതിറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരൻമാർ ഉൾപ്പെടെയുള്ള യാത്രികർക്കായുള്ള തിരച്ചിൽ ഊർജിതം. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് കാണാതായത്.
അന്തർവാഹിനിക്കുള്ളിൽ 70 മണിക്കൂർ കൂടി കഴിയാനുള്ള ഓക്സിജനാണ് ഇനി ബാക്കിയുള്ളതെന്നാണ് വിവരം. ഇതു തീരും മുൻപേ യാത്രികരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
∙ അന്തർവാഹിനിയിൽ സഞ്ചരിച്ച വി ഐ പി യാത്രക്കാർ
പാക്കിസ്ഥാനിലെ പ്രശസ്തനായ വ്യവസായിയും മകനുമാണ് അന്തർവാഹിനിയിലെ യാത്രക്കാരിൽ രണ്ടു പേരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായുള്ള ‘എൻഗ്രോ’ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരാണ് അന്തർവാഹിനിയിലുള്ളത്. ഇക്കാര്യം ഇവരുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഊർജം, കൃഷി, പെട്രോകെമിക്കൽസ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി പടർന്നു കിടക്കുന്ന പ്രസ്ഥാനമാണ് എൻഗ്രോ. കഴിഞ്ഞ വർഷം അവസാനം 10,000 കോടിയോളം രൂപയുടെ വരുമാനം രേഖപ്പെടുത്തിയ കമ്പനിയാണിത്. പാക്കിസ്ഥാനിലെ ധനികരുടെ പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കുന്ന വ്യക്തിയാണ് ഷഹ്സാദയുടെ പിതാവ് ഹുസൈൻ ദാവൂദ്. യുഎസിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തിയാണ് ഷഹ്സാദ.
Read More:പണമൊഴുക്ക് എവിടെ നിന്ന്; അന്വേഷണവുമായി കേന്ദ്ര സർക്കാർ
ഷഹ്സാദയ്ക്കും മകൻ സുലേമാനും പുറമെ ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്ങാണ് അന്തർവാഹിനിയിലുള്ള മറ്റൊരാൾ. ആക്ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് അൻപത്തെട്ടുകാരനായ ഹാർഡിങ്. ബഹിരാകാശത്തേക്കും യാത്ര നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരിൽ മൂന്ന് ഗിന്നസ് ലോക റെക്കോർഡുകളുമുണ്ട്. പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റും അന്തർവാഹിനിയിലുള്ളതായി സൂചനയുണ്ട്. യാത്ര പുറപ്പെടും മുൻപ് ഹാർഡിങ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലെ സൂചനയാണ് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം നൽകുന്നത്. യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷാണ് അന്തർവാഹിനിയിലെ അഞ്ചാമനെന്നാണ് വിവരം.
∙ 2 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷം
ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് അഞ്ചംഗ സംഘം യാത്ര തിരിച്ചത്. ഞായറാഴ്ച രാവിലെ യാത്ര തിരിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ഈ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ അറിയിക്കുന്നത്. ‘പോളർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലാണ് ഇവരുടെ യാത്രയ്ക്ക് മാർഗദർശിയായി ഉണ്ടായിരുന്നത്. ഈ കപ്പലുമായുള്ള ബന്ധമാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ നഷ്ടമായത്.
ഇവരെക്കുറിച്ച് ഇതുവരെ യാതൊരു സൂചനകളുമില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അന്തർവാഹിനിക്കുള്ളിലെ ഓക്സിജൻ ശേഖരം കുറയുന്നതാണ്, യാത്രക്കാരുടെ കുടുംബാംഗങ്ങളെയും രക്ഷാപ്രവർത്തകരെയും ആശങ്കയിലാക്കുന്നത്. ഇപ്പോഴും 70 മണിക്കൂറിലധികം നേരത്തേക്കുള്ള ഓക്സിജൻ അന്തർവാഹിനിയിലുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
അന്തർവാഹിനി കണ്ടെത്താനും അതുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും വിവിധ സർക്കാർ ഏജൻസികളും സമുദ്ര പര്യവേഷണ കമ്പനികളും രംഗത്തുണ്ട്. ഏതു വിധേനയും അന്തർവാഹിനിയുടെ പാത കണ്ടെത്തി യാത്രക്കാരെ തിരിച്ചുകൊണ്ടു വരാനാണ് ശ്രമം. സൈനിക വിമാനങ്ങളും അന്തർവാഹിനികളും കടലിനടിയിൽ പരിശോധന നടത്തുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്.
ഉത്തര അറ്റ്ലാന്റിക്കിലെ വിദൂര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിവിധ തീരദേശ സേനകൾ നിലവിൽ തിരച്ചിൽ നടത്തുന്നത്. കടലിൽ 13,000 അടിയോളം താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്.
∙ കോടികൾ മുടക്കുള്ള ‘വിനോദം’
അറ്റ്ലാന്റിക് സമുദ്രത്തിൽ, സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 13,000 അടി താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് ഏതാണ്ട് 3700 മൈൽ അകലെയാണത്. ഈ അവശിഷ്ടങ്ങൾ കാണുന്നതിനായി പ്രത്യേകം നിർമിച്ച അന്തർവാഹിനികൾ സൗകര്യമൊരുക്കി തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കോടീശ്വരൻമാരായ വിനോദസഞ്ചാരികളും സമുദ്ര വിഷയങ്ങളിൽ താൽപര്യമുള്ള വിദഗ്ധരും ഗവേഷകരുമാണ് ഇത്തരം സൗകര്യം പ്രയോജനപ്പെടുത്താറുള്ളത്. ഒരാൾക്ക് 2.5 ലക്ഷം യുഎസ് ഡോളറാണ് (രണ്ടു കോടിയിലധികം ഇന്ത്യൻ രൂപ) ഇതിനു ചെലവു വരിക.
ഏതാണ്ട് നാലു വർഷത്തോളമായി ഇത്തരം യാത്രകൾ സജീവമാണ്. സമുദ്രാന്തർ ഭാഗം കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധർ, ശാസ്ത്രജ്ഞർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ രൂപമെടുത്ത കമ്പനിയാണ് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ്. 2021ൽ തുടക്കമായ കമ്പനിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ മാത്രം യാത്രയാണ് ഇപ്പോൾ ഇത്തരമൊരു അപകടത്തിലേക്കു നയിച്ചിരിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി എട്ടു ദിവസത്തെ പാക്കേജാണ് കമ്പനി നൽകുന്നത്. പാക്ക് കോടീശ്വരൻ ഉൾപ്പെടുന്ന സംഘം എട്ടു ദിവസം നീളുന്ന പാക്കേജിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി പോയത്. ജീവനക്കാർ ഉൾപ്പെടെയുള്ളവരുമായി അന്തർവാഹിനി കാണാതായെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം