ഇംഫാല്‍: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന് കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങള്‍. മണിപ്പുരില്‍ കലാപം ഒരുമാസത്തിലേറെയായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പരിപാടി ബഹിഷ്കരിച്ചത്. റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാര്‍ക്കറ്റിലും കാക്ചിങ് ജില്ലയിലെ മാര്‍ക്കറ്റിലുമാണ് പ്രതിഷേധം അരങ്ങേറിയത്.
‘ഞങ്ങള്‍ മന് കി ബാത് പരിപാടിയെ എതിര്‍ക്കുന്നു. മന് കി ബാത് വേണ്ട, മന് കി മണിപുര്‍ ആണ് വേണ്ടത്. പ്രധാനമന്ത്രിയുടെ മന് കി ബാത് കേള്‍ക്കാന്‍ താല്പര്യമില്ല. മന് കി ബാത്തില്‍ കൂടുതല്‍ നാടകം വേണ്ട’-പ്രതിഷേധക്കാര്‍ പറഞ്ഞു. മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
മന് കി ബാത്തിന്റെ 102-ാം പതിപ്പില്‍ അടിയന്തരാവസ്ഥയെ കുറിച്ചാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിപ്പുരിലെ അടങ്ങാത്ത സംഘര്‍ഷത്തെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാഞ്ഞതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.
Read More:സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ ; തലയ്ക്കടിച്ചു കൊന്നു
മണിപ്പുരില്‍ മേയ് 3 ന് തുടങ്ങിയ കലാപം ഇന്നും തുടരുകയാണ്. ഇന്ന് ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ നേരിടുന്നതിനിടെയാണു ജവാനു വെടിയേറ്റത്. അതേസമയം, സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം