ന്യൂഡൽഹി: ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മർദം കുറയ്ക്കാനും ഓഫീസിലെ ഒഴിവുനേരങ്ങളിൽ ഇരിപ്പിടങ്ങളിലിരുന്ന് തന്നെ യോഗചെയ്യാൻ സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി കേന്ദ്രം. ജോലിസ്ഥലത്ത് ഈ പുതിയ യോഗ പ്രോട്ടോക്കോൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളോടും / വകുപ്പുകളോടും ഉത്തരവിൽ ആവശ്യപ്പെട്ടു.
ജൂൺ 12-ന് പുറത്തിറക്കിയ ഉത്തരവിൽ ശ്വസനരീതികൾ, ധ്യാനം, ആസനങ്ങൾ എന്നിവയെക്കുറിച്ചുള്ള ലളിതമായ യോഗ പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിനാണ് പദ്ധതിയുടെ മേൽനോട്ടം. ‘വൈ ബ്രേക്ക് അറ്റ് വർക്ക് പ്ലേസ് യോഗ’എന്ന പേരിൽ ഓഫീസ് കസേരയിലിരുന്ന് യോഗാഭ്യാസം ചെയ്യുന്നതിനുള്ള യൂട്യൂബ് വീഡിയോ ലിങ്കുകളും ആയുഷ് മന്ത്രാലയം പുറത്തുവിട്ടു.
പുതിയ യോഗ പ്രോട്ടോക്കോൾ പ്രോത്സാഹിപ്പിക്കാനും ഇതിന്റെ ഭാഗമാകാനും പ്രചാരണം നൽകാനും എല്ലാ വകുപ്പുകളോടും ജീവനക്കാരോടും കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ ഉന്മേഷം ലഭിക്കുമെന്നും ഉത്തരവിലുണ്ട്.
ജോലിത്തിരക്കുകാരണം പുറത്തുപോയി യോഗചെയ്യാൻ സാധിക്കാത്തവർക്കായി ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേർന്ന് ചില പുതിയ യോഗാഭ്യാസ രീതികളും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
“യോഗ അറ്റ് ചെയർ” , “യോഗ ഫോർ വർക്ക്ഹോളിക്സ് 1”, “യോഗ ഫോർ വർക്ക്ഹോളിക്സ് 2”, “യോഗ ബ്രേക്ക്,” എന്നിങ്ങനെ നാല് വീഡിയോകളും അതിന്റെ വിശദാംശങ്ങളും ആയുഷ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.