തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം മാർച്ചിൽ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. നിലവിൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണു നടത്തുന്നത്. എന്നാൽ ഈ പരീക്ഷയ്ക്കും മൂല്യനിർണയത്തിനുമായി 15 അധ്യയന ദിവസം നഷ്ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വാർഷിക പരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം നടന്ന അധ്യാപക സംഘടനാ യോഗത്തിലെ ധാരണ അനുസരിച്ചാണിത്. എന്നാൽ രണ്ടു വർഷത്തെ പരീക്ഷകൾ ഒരുമിച്ചെഴുതേണ്ടി വരുന്നത് കുട്ടികളുടെ സമ്മർദം ഏറ്റുമെന്നും ഇതു ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും കുട്ടികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
തീരുമാനം ഈ വർഷം നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇത്തവണ പ്ലസ് വൺ വിജയ ശതമാനം താരതമ്യേന കുറവാണ്. പ്ലസ് വൺ മാർക്ക് കൂടി അന്തിമ ഫലത്തിൽ പരിഗണിക്കുമെന്നതിനാൽ പരമാവധി കുട്ടികൾ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കും.
പ്ലസ്ടുവിനൊപ്പം ഇതുകൂടി എഴുതേണ്ടി വരുന്നത് പഠനത്തെയും തുടർപഠന സാധ്യതയെയും ബാധിക്കും. അതിനാൽ തീരുമാനം അടുത്ത വർഷം മുതലേ നടപ്പാക്കാവൂവെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനാ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം