തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ബോർഡ് ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി. സർക്കാർ വാഹനങ്ങളിലെ ബോർഡുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന യോഗത്തിലാണ് ചീഫ് സെക്രട്ടറി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ഉന്നത പദവികളിലിരിക്കുന്ന ജുഡീഷ്യൽ ഓഫിസർമാർക്ക് ബോർഡ് ആകാമെന്നും നിലപാടെടുത്തു. യോഗത്തിന്റെ മിനിറ്റ്സ് ചീഫ് സെക്രട്ടറിയുടെ ഓഫിസ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും തീരുമാനമെടുത്തിട്ടില്ല.
ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്കു സ്വന്തം വാഹനങ്ങളിൽ ബോർഡ് വയ്ക്കാനുള്ള അനുമതി ഇപ്പോഴുണ്ട്. തസ്തികയുടെ പേരും വകുപ്പുമാണ് ബോർഡിൽ രേഖപ്പെടുത്തുന്നത്. ഇതു പരിമിതപ്പെടുത്താനുള്ള ആലോചനകൾ നടന്നപ്പോൾ ഇടതുപക്ഷ സംഘടനകൾ എതിർത്തു. നിലവിലെ അവസ്ഥ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാർ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിലെ ബോർഡുകൾ പരിമിതപ്പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായത്തോട് യോഗത്തിൽ ചില ഉദ്യോഗസ്ഥർ യോജിച്ചു. ഹൈക്കോടതി നിർദേശമുള്ളതിനാൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ബോർഡ് അനുവദിക്കണമെന്ന നിർദേശവും യോഗത്തിലുണ്ടായി. എല്ലാ വിഭാഗങ്ങളുടേയും അഭിപ്രായം കേട്ടശേഷമാകും ഉത്തരവിറക്കുക.
read also: പത്തനംതിട്ടയില് പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു
മുതിർന്ന ഐഎസ് ഉദ്യോഗസ്ഥർക്കു മാത്രമായി കേരള സ്റ്റേറ്റ് ബോർഡ് പരിമിതപ്പെടുത്തണമെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. അഡീ.ചീഫ് സെക്രട്ടറിമാർക്കുവരെ കേരള സ്റ്റേറ്റ് ബോർഡ് അനുവദിക്കണമെന്നാണ് ശുപാർശ. നിലവിൽ അതിനു താഴെയുള്ള ഉദ്യോഗസ്ഥരും ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നുണ്ട്. അഡീ.ചീഫ് സെക്രട്ടറിക്കു താഴെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ഗവൺമെന്റ് ഓഫ് കേരള ബോർഡ് ആകാമെന്നാണ് ശുപാർശ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ഗവൺമെന്റ് ഓഫ് കേരള ബോർഡുകൾ അനുവദിക്കില്ല.
ബോർഡുകളുടെ കാര്യത്തിൽ ശുപാർശ നൽകിയെങ്കിലും സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 എന്ന പൊതു നമ്പർ നൽകാനുള്ള ശുപാർശയിലും തീരുമാനമായില്ല. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് കെഎൽ 99 എ എന്നും കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 ബി എന്നും തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് കെഎൽ 99 സി എന്നും നമ്പർ നൽകാനായിരുന്നു ശുപാർശ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം