“അമ്മക്ക് തുല്യം അമ്മ മാത്രം; ദീപ്തസ്മരണകൾ ഉണർത്തുന്ന വേർപാടിന്റെ നൊമ്പരങ്ങൾ “!

കെ കെ മേനോന്‍ 

 

“അമ്മയുടെ ഓർമ്മകൾക്കിന്നും ഏഴു നിറങ്ങൾ “

( ചരമം: 16-06-2013)

” ഏതോ കനവായ് മറയുന്നു
 തെളിവാർന്നോരെൻ ബാല്യകാലം
 എന്നമ്മ പാടിയ ഗാനം
 എന്നു ഞാൻ കേൾക്കുമീ ജന്മം “###

 ഇന്നും ആ സ്മൃതി നൊമ്പരങ്ങളുടെ തേങ്ങലുകൾ എന്റെ മനസ്സിന്റെ അഗാധതകളിലെ ഇടനാഴികളിൽ എവിടെയോ അലയടിച്ചു കൊണ്ടിരിക്കുന്നത് ഞാൻ നിരന്തരം കേൾക്കുന്നു. അമ്മയുടെ സ്നേഹ നൊമ്പരങ്ങൾ മിഴിനീർക്കണങ്ങളായി എന്നെ പുൽകുമ്പോൾ ഞാൻ ആ പുണ്യതീർത്ഥം അമ്മയുടെ കാൽപാദങ്ങളിൽ അർപ്പിച്ച് സ്രാഷ്ടാഗം പ്രണമിക്കുന്നു….

 അമ്മയ്ക്ക് തുല്യം അമ്മ മാത്രം….

 അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞ് ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. ആരെയും കാത്തുനിൽക്കാത്ത കാലചക്രം കാലത്തിന്റെ പുതിയ അധ്യായങ്ങളുടെ താളുകൾ മറിച്ചുകൊണ്ട് മുന്നോട്ട് അതിവേഗത്തിൽ പോയിക്കൊണ്ടേയിരിക്കുന്നു. എത്ര കാലം കഴിഞ്ഞാലും ജീവിതം എന്ന കാവ്യ പുസ്തകത്തിലെ  ചില അധ്യായങ്ങൾ ഇന്നും മനസ്സിൽ മായാതെ മറയാതെ നിറഞ്ഞുനിൽക്കുന്നു. അമ്മയുടെ ഓർമ്മകൾക്ക് ഇന്നും ചെറുപ്പം. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സംഗീതത്തിന്റെയും  നിറകുടമായിരുന്ന അമ്മയുടെ ഓർമ്മകൾ എന്നും എപ്പോഴും ഞങ്ങളെ ഒരു കുളിർത്തെന്നലായി തൊട്ട് തഴുകി കൊണ്ടേയിരിക്കുന്നു. അവ ഞങ്ങൾക്ക് പകരുന്ന മനശ്ശാന്തിയും സ്വാന്ത്വനവും അനിർവചനീയമാണ്.

 ഹൃദയത്തിന്റെ സുവർണതാലത്തിൽ ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന അമ്മയുടെ ദീപ്തസ്മരണകൾ നിരവധിയാണ്.ഉച്ചക്കുണ്ണുവാൻ വരുന്ന അമ്മയെയും കാത്ത് ഡെയിനിങ് റൂമിന്റെ ജനാലയിൽ കാത്തിരിക്കുന്ന കുഞ്ഞിക്കിളിയെ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. അമ്മക്കേറെ പ്രിയങ്കരിയായിരുന്ന കുഞ്ഞിക്കിളിക്ക് ഭക്ഷണം കൊടുക്കാതെ അമ്മ ഉണ്ണാറില്ല.. ആ സ്നേഹം പങ്ക് വെക്കുവാൻ കുഞ്ഞിക്കിളി ഇപ്പോൾ വരാറില്ല. അമ്മയുടെ വേർപാടിന്റെ ദുഃഖം താങ്ങുവാൻ സാധിക്കാതെ, ഒരുപക്ഷെ അമ്മയെത്തേടി ആകാശത്തിന്റെ അനന്തതകളിലേക്ക് അവൾ പറന്നകന്നു പോയിരിക്കാം… ഇനിയൊരു ജന്മമുണ്ടെങ്കിൽ അവൾ അമ്മയെ തേടിയെത്തും എന്നുറപ്പാണ്…

 വേർപാടിന്റെ ഓർമ്മകളുമായി…. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്….
 മക്കൾ, മരുമക്കൾ കൊച്ചുമക്കൾ.

### ശ്രീ വാസുദേവൻ പോറ്റി എഴുതിയ ഗാനത്തിലെ വരികളിൽ  നിന്ന്……..

 

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News