കൊച്ചി: കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കോളജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു.
കരിന്തളം സർക്കാർ കോളജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളജിൽ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസിൽ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കരിന്തളം കോളജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ വിദ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനിൽക്കില്ല, രാഷ്ടീയ പ്രേരിതമായ കേസിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം, ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ. വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തിൽ മഹാരാജാസ് ഗവേണിംഗ് ബോഡി ആർഷോക്കെതിരെ കേസ് കൊടുക്കേണ്ടതാണ്. ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ സിപിഎം സംരക്ഷിക്കുകയാണെന്നും വിദ്യക്ക് പിറകിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണെന്നും സതീശൻ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















