കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തി നില്‍ക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.
കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് ഇക്കുറി ആലപ്പിയുടെ നായകൻ. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ഒരുപോലെ തിളങ്ങുന്ന സച്ചിന്റെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാകും. മുൻനിര ബാറ്റിങ് അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് കഴിഞ്ഞ സീസണുകളിൽ ടീമിന് തിരിച്ചടിയായത്. അത് പരിഹരിക്കുന്ന തകർപ്പൻ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിൾസിന്റേത്. കെസിഎൽ ആദ്യ സീസണിൽ രണ്ട് സെഞ്ചുറികളോടെ ടോപ്പ് സ്‌കോററായ സച്ചിൻ ബേബി, രണ്ടാം സീസണിലും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്നു. സച്ചിനൊപ്പം കൂറ്റനടികൾക്ക് പേരു കേട്ട മുഹമ്മദ് അസ്ഹറുദ്ദീനും പരിചയസമ്പന്നനായ ജലജ് സക്സേനയും ചേരുമ്പോൾ ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാവുകയാണ്.
ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് ആലപ്പിയുടെ മറ്റൊരു പ്രധാന സവിശേഷത. സിബിൻ ഗിരീഷിനും അഭിജിത് പ്രവീണിനുമൊപ്പം അക്ഷയ് ടി കെ, അമൽരാജ്, ആഷിഖ് അലി, വിനിൽ ടി എസ്, ശ്രീരൂപ് എം പി തുടങ്ങി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന നീണ്ടൊരു നിര തന്നെ ടീമിലുണ്ട്. 11.80 ലക്ഷം രൂപയെന്ന റെക്കോർഡ് തുകയ്ക്കാണ് സിബിൻ ഗിരീഷിനെ റിപ്പിൾസ് ടീമിലെത്തിച്ചത്. എൻഎസ്കെ ട്രോഫിയിലടക്കം സമീപകാലത്ത് മികച്ച ഫോമിലാണ് താരം. കഴിഞ്ഞ ആഭ്യന്തര സീസണിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത അഭിജിതിന്റെ സാന്നിധ്യം ടീമിന്റെ മധ്യനിരയ്ക്കും ബൗളിങ്ങിനും കൂടുതൽ സ്ഥിരത നൽകും. എൻഎസ്കെ ട്രോഫിയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച ആഷിഖ് അലിയാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു താരം.
വിക്കറ്റുകൾ വീഴ്ത്താനും റൺറേറ്റ് നിയന്ത്രിക്കാനും ശേഷിയുള്ള മികച്ചൊരു ബൗളിംഗ് നിരയും ഇത്തവണ റിപ്പിൾസിനുണ്ട്. കഴിഞ്ഞ സീസണിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയുടെ പരിചയസമ്പത്ത് ടീമിന് തുണയാകും. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ കൃത്യതയോടെ പന്തെറിയുന്ന അജയഘോഷാണ് പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം. കഴിഞ്ഞ സീസണിൽ 13 വിക്കറ്റുകളാണ് താരം കൊയ്തത്. ഇവരെക്കൂടാതെ അജിത് രാജും അഖിൽദേവും കെ അജിനാസും ഉൾപ്പെടുന്ന ബൗളിംഗ് നിര ഏതൊരു ബാറ്റിങ് നിരയെയും തളയ്ക്കാൻ പ്രാപ്തമാണ്.
കഴിഞ്ഞ സീസണുകളിലെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട്, ഓരോ വിഭാഗത്തിലും കൃത്യമായ പ്ലാനിംഗോടെയാണ് ആലപ്പി റിപ്പിൾസ് ഇത്തവണ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ ടീമിന് ലീഗിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിൻ്റെ മുഖ്യപരിശീലകൻ. മുൻ താരം കെ. എസ് മോനിഷ്, ഫർസീൻ അഹമ്മദ് എന്നിവർ സഹപരിശീലകരായും ടീമിനൊപ്പമുണ്ട്. ശ്രീവത്സൻ പി. ബി (പെർഫോമൻസ് അനലിസ്റ്റ്), ഗബ്രിയേൽ ബെൻ കുര്യൻ (ഫീൽഡിംഗ് കോച്ച്), കെ. വിനീത് കുമാർ (സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്), അസ്കർ പി. വി (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസ്സിയർ), നന്ദകുമാർ കെ. എ (ത്രോബോൾ സ്പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജർ) എന്നിവരാണ് സപ്പോർട്ടീവ് സ്റ്റാഫ് അംഗങ്ങൾ. ടി. എസ്. കലാധരൻ,ദേവിക കലാധരൻ, കൃഷ്ണ കലാധരൻ, റാഫേൽ തോമസ് എന്നിവരാണ് ടീമിൻ്റെ ഉടമകൾ.
ടീം അംഗങ്ങൾ – സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന, സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ, അക്ഷയ് ടി കെ, വിനിൽ ടി എസ്,ആകാശ് പിള്ള, ശ്രീരൂപ് എം പി, അരുൺ കെ എ, അഖിൽദേവ്, അജ്നാസ് കെ, ആഷിഖ് അലി, അമൽരാജ് ആർ, അജയഘോഷ് എൻ എസ്, അജിത് രാജ്.
















