കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലൻസ് നീക്കത്തിനു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും കേസ്. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസും നൽകി. അറസ്റ്റിനു തയാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തിൽ നിയമോപദേശവും തേടി.
മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.
അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.
പ്രവാസി മലയാളി ഫെഡറേഷൻ എന്ന സംഘടനയുടെ പേരിൽ 2019 ൽ മുഖ്യമന്ത്രി പിണറായി വിജയനു പ്രവാസിപുരസ്കാരം നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ വലിയ സ്വാധീനമുണ്ടെന്ന് അതിന്റെ പോസ്റ്റർ കാണിച്ചു മോൻസൻ അവകാശപ്പെട്ടതായും പരാതിക്കാരുടെ മൊഴിയിലുണ്ട്. ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം