ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പരാതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴിമാറ്റിയത് കനത്ത സമ്മർദ്ദത്തിലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ദേശീയ മാധ്യമത്തോടു നൽകിയ അഭിമുഖത്തിലാണു സാക്ഷി മാലിക്കിന്റെ വെളിപ്പെടുത്തൽ.
‘‘സമരം ഒത്തുതീർപ്പാക്കുന്നതിനായി ഞങ്ങൾ കനത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഫോണിലൂടെയും മറ്റും നിരവധി ഭീഷണിപ്പെടുത്തലുകളാണ് വരുന്നത്. പരാതി പിൻവലിക്കണമെന്ന ഭീഷണികളിൽ പെൺകുട്ടിയുടെ പിതാവ് മാനസിക സമ്മർദ്ദത്തിലായി’’ – സാക്ഷി മാലിക് പറഞ്ഞു.
‘‘ലൈംഗികാതിക്രമ പരാതിയിൽ സമരത്തിന്റെ തുടക്കം മുതൽ തന്നെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടലിൽ സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തി അന്വേഷണം വഴിതെറ്റിക്കുമെന്നതിനാലാണ് അറസ്റ്റ് ആവശ്യപ്പെട്ടിരുന്നത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സത്യസന്ധമായ അന്വേഷണം സാധ്യമാകില്ല’’– സാക്ഷി മാലിക് വ്യക്തമാക്കി.
അതേസമയം, ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്‍ ശനിയാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ നിലപാട് അറിയിച്ചത്.
തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ താനും മറ്റ് ഗുസ്തിതാരങ്ങളും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളൂയെന്നു സാക്ഷി മാലിക് പറഞ്ഞു. ഓരോ ദിവസവും തങ്ങൾ എത്രമാത്രം മാനസിക സംഘർഷങ്ങളാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടിൽ കണ്ടെന്നതരത്തിലുള്ള വാർത്തകളും വെള്ളിയാഴ്ച പരന്നു. വാർത്തകൾ നിഷേധിച്ച വിനേഷ് ഫോഗട്ട്, മസിൽപവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















