തിരുവനന്തപുരം: പിണറായി വ്യാജൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാവുന്നു. സർവ്വകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാക്കൾ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്ഐക്കാർ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. എസ്ഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാവാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എല്ലാം വെറും സാങ്കേതികപിഴവാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. എന്തുകൊണ്ടാണ് എസ്എഫ്ഐക്കാർക്ക് മാത്രം സാങ്കേതികപിഴവ് ഉണ്ടാകുന്നത്.
ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുവരെ ലോകകേരളസഭ കൊണ്ട് ഒരു രൂപയുടെ നിക്ഷേപം കേരളത്തിൽ വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിക്കുള്ളത്. ഒരു ലജ്ജയുമില്ലാതെ തട്ടിപ്പ് നടത്തുന്നവരെ ന്യായീകരിക്കാൻ മന്ത്രിമാർക്ക് പോലും പറ്റുന്നില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് അഴിമതിപണം വീതംവെക്കുമായിരുന്നെങ്കിൽ ഇപ്പോൾ എല്ലാം മുഖ്യമന്ത്രിക്ക് മാത്രമാണ് ലഭിക്കുന്നത്. അതാണ് അഴിമതിയെ പ്രതിരോധിക്കാൻ ആരും വരാത്തതിന് കാരണം. ജൂനിയർ മന്ത്രിമാരെ വെച്ച് മരുമകനെ കൊണ്ട് ഭരണം നടത്തിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. കേരളത്തിലെ മന്ത്രിമാരിൽ ആർക്കും പ്രതിച്ഛായ ഇല്ല. ഇന്റർനെറ്റ് ചിലവുകൾ ഇത്രയും സുഗമമായി ലഭിക്കുന്ന നാട്ടിൽ കെ-ഫോൺ തട്ടിപ്പ് മാത്രം ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. ഭൂമിക്ക് സംസ്ഥാനത്ത് അന്യായമായ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതികരം ഒരു മര്യാദയുമില്ലാതെയാണ് കൂട്ടുന്നത്. കേന്ദ്രസർക്കാർ കടവാങ്ങൽ പരിധി കുറച്ചെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി പറയുന്നത്. എന്നാൽ കണക്ക് ചോദിച്ചാൽ മന്ത്രിക്ക് മറുപടിയില്ല. നേരത്തെ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ ധനമന്ത്രി കള്ളംപറഞ്ഞ് ഒടുവിൽ നാണംകെടുകയായിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
read more : പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വർഷം കഠിന തടവ്
കേരളത്തിൽ കർഷക ആത്മഹത്യ പതിവായിരിക്കുകയാണ്. കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്ല്യങ്ങൾ സംസ്ഥാനത്തെ കർഷകരിലെത്തുന്നില്ല. സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവം കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. നെൽകർഷകർക്ക് കേന്ദ്രവിഹിതം കൊടുത്തെങ്കിലും സംസ്ഥാന സർക്കാരിന് വിഹിതം കൊടുക്കാനാവുന്നില്ല. നെല്ല് സംഭരിച്ചതിന്റെ പണം ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. മില്ലുടമകളുമായി ചേർന്ന് കർഷകരെ ദ്രോഹിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും ലോൺ എടുത്ത കർഷകർക്ക് ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ്ജ് കുര്യൻ, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് എസ്.ജയസൂര്യൻ, സംസ്ഥാന ജന.സെക്രട്ടറിമാരായ അജിഘോഷ്, കെടി വിബിൻ, സംസ്ഥാനസെക്രട്ടറി എം.വി.രഞ്ജിത്, ജില്ലാ പ്രസിഡന്റ് ദിലീപ് മണമ്പൂർ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം