ഓവല്‍: ടീം ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ഓസ്ട്രേലിയ. പരിചയസമ്പന്നനായ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് പരിക്കിനാല്‍ ഫൈനല്‍ കളിക്കില്ല. ഈ മാസം 7നാണ് മത്സരം ആരംഭിക്കുന്നത്. ഓൾറൗണ്ടർ മൈക്കിള്‍ നെസര്‍ ആണ് പകരക്കാരന്. അതേസമയം നെസറിന് അന്തിമ ഇലവനിൽ ഇടം നേടാനാകുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ വിഖ്യാത ആഷസ് പരമ്പരയില്‍ ഹേസല്‍വുഡ് ടീമിലേക്ക് മടങ്ങിവരും.
ആഷസ് ടെസ്റ്റിന് മുന്നോടിയായി താരത്തിന് പരിപൂർണ വിശ്രമം അനുവദിക്കുകയാണെന്നാണ് ആസ്ട്രേലിയൻ ചീഫ് സെലക്ടർ ജോർജ് ബെയ്ലി വ്യക്തമാക്കുന്നത്. ഈ മാസം 16ന് എഡ്ജ്ബാസ്റ്റണിലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി മൂന്ന് മത്സരങ്ങളിലെ ഹേസിൽവുഡിന് കളിക്കാനായുള്ളൂ. പരിക്ക് വില്ലനായതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് താരംവിട്ടുനിന്നു. ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറക്ക് താരത്തെ ടീമിലേക്ക് പരിഗണിക്കാനായിരുന്നു ആസ്ട്രേലിയൻ സെലക്ടർമാരുടെ തീരുമാനം.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കവേയാണ് ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് മാറി ഓവലിലെ ഫൈനലിലൂടെ ഹേസല്‍വുഡ് തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് താരം പുറത്തായത്.
ഓസീസിനായി 59 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മുപ്പത്തിരണ്ടുകാരനായ ജോഷ് ഹേസല്‍വുഡ് 222 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ നായകന് പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും സ്പെഷ്യലിസ്റ്റ് പേസര്‍മാരായി ഇറങ്ങും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. അന്ന് തോൽക്കാനായിരുന്നു വിധി. ഒരുവർഷത്തിനിപ്പുറം വീണ്ടും ഫൈനലിനൊരുങ്ങുമ്പോൾ കിരീടം തന്നെയാണ് രോഹിത് ശർമ്മയും കൂട്ടരും ലക്ഷ്യമിടുന്നത്. അജിങ്ക്യ രഹാനെ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിങിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. മറുപുറത്ത് ആസ്ട്രേലിയയും മോശക്കാരല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam