ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡിന്റെ ശുപാർശ പ്രകാരമാണ് നടപടി. ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം.
രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അവഗണന കൊണ്ടുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. എന്നാൽ, രാജിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായതെന്നും രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിലപാട്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരിക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. ഒഡിഷയിലെത്താനുള്ള ചെലവുകള്‍ റെയില്‍വേ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
















