ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ബാലസോറിലെത്തി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘വളരെ വേദനാജനകമായ സംഭവമാണ്. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. പരിക്കേറ്റവരെ ഞാന്‍ സന്ദര്‍ശിച്ചു’ പ്രധാനമന്ത്രി മോദി പറഞ്ഞു.
നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ പക്കലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാന്‍ ശ്രമിച്ച ഒഡിഷ സര്‍ക്കാരിനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വേദന പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ല, പക്ഷേ ഈ ദുഖകരമായ സമയത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ ദൈവം നമുക്കെല്ലാവര്‍ക്കും ശക്തി നല്‍കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read more: ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ട്രെയിൻ ദുരന്തം
കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പമാണ് പ്രധാനമന്ത്രി എത്തിയത്. അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടസ്ഥലം പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയിൻ ലൈൻ സിഗ്നൽ നൽകിയ കോറോമണ്ടൽ എക്‌സ്പ്രസ് പ്രവേശിച്ചത് ലൂപ് ലൈനിലാണ്. ഈ ലൈനിൽ തന്നെയായിരുന്നു ഗുഡ്‌സ് ട്രെയിനും നിർത്തിയിട്ടിരുന്നത്. കോറോമണ്ടൽ എക്‌സ്പ്രസ് പാളം തെറ്റിയത് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച ശേഷമാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച വിശദാംശങ്ങൾ അപകടസ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യം പ്രധാനമന്ത്രി കണ്ടതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ.
രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും മറ്റുള്ളവർക്ക് 50000 രൂപയും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam