ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ട്രെയിൻ ദുരന്തം

ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം നടന്ന ട്രെയിൻ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. മണിക്കൂറുകൾ പിന്നിടുന്തോറും മരണസംഖ്യ കുതിക്കുകയാണ്. ഇപ്പോഴും പുറത്തെടുക്കാനാകാതെ കുടുങ്ങിക്കിടക്കുന്നവർ നിരവധിയുണ്ട്. ദുരന്തത്തിലേക്ക് കുതിച്ചുപാഞ്ഞ ആ തീവണ്ടിയാത്ര 238 പേർക്കാണ് അവസാനയാത്രയായത്. സ്വതന്ത്ര ഇന്ത്യ കണ്ട ട്രെയിൻ ദുരന്തങ്ങളിൽ ഏറ്റവും വ്യാപ്തിയേറിയ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിൽ തന്നെ ഏറ്റവും ഭയാനകമായ സംഭവത്തിനാണ് കഴിഞ്ഞ രാത്രി സാക്ഷ്യം വഹിച്ചത്. 

രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത ബീഹാറിലെ ട്രെയിൻ ദുരന്തം ഉണ്ടായിട്ട് ഈ ചൊവ്വാഴ്ച 42 വർഷമാകുകയാണ്. ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞാണ് അന്ന് അപകടമുണ്ടായത്. 1981 ജൂൺ ആറിനായിരുന്നു സംഭവം. 750 പേരുടെ ജീവനാണ് ആ ദുരന്തം കവർന്നത്.

 300ലധികം പേർ മരിക്കാനിടയായ മറ്റൊരു ട്രെയിൻ ദുരന്തം ഉണ്ടായത് സ്വാതന്ത്ര്യത്തിന്റെ 48-ാം വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു. 1995 ഓഗസ്റ്റ് 20ന് ഫിറോസാബാദിന് സമീപം നിർത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസുമായി പുരുഷോത്തം എക്‌സ്പ്രസ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരണസംഖ്യ കണക്കാക്കുമ്പോൾ ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ ഒഡീഷയിൽ ഉണ്ടായത്. 

1998 നവംബർ 26, ഇന്നലെ കേട്ടതിന് സമാനമായിരുന്നു അന്നത്തെ ആ ദുരന്തവാർത്തയും. ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി ജമ്മു താവി – സീൽദ എക്‌സ്‌പ്രസ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പഞ്ചാബിലെ ഖന്നയിൽ വച്ചായിരുന്നു അപകടം. 212 പേരോളം യാത്രക്കാരാണ് അന്ന് അപകടത്തിൽ മരിച്ചത്. തൊട്ടടുത്ത വർഷം വീണ്ടുമൊരു ട്രെയിൻ ദുരന്തത്തിന് കൂടി സാക്ഷ്യം വഹിക്കേണ്ടിവന്നു. ഓ​ഗസ്റ്റ് രണ്ടാം തിയതി കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അവഥ് അസം എക്‌സ്പ്രസിലേക്ക് ബ്രഹ്മപുത്ര മെയിൽ ഇടിച്ചുകയറി.  285ലധികം പേർ മരിക്കുകയും മുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പൊലിഞ്ഞ ജീവനുകളിൽ ഏറെയും ഇന്ത്യൻ ആർമിയുടെയും ബിഎസ്എഫിന്റെയും സിആർപിഎഫിന്റെയും സൈനികർ ആയിരുന്നു. 

read more: ഉക്രെയ്ൻ പട്ടാളക്കാരുടെ “നാട്ടു നാട്ടു” നൃത്തം, വീഡിയോ വൈറലാകുന്നു

2002 സെപ്റ്റംബറിൽ ഹൗറ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി 140ലധികം മരണമുണ്ടായി. റാഫിഗഞ്ചിലെ ധാവെ നദിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. 2016 നവംബർ 20ന് കാൻപൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പുഖ്രായനിൽ ട്രെയിൻ പാളം തെറ്റി അപകടത്തിൽപ്പെട്ടു. ഇൻഡോർ – രാജേന്ദ്ര നഗർ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. 152 പേരോളം മരിച്ച ദുരന്തത്തിൽ 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1964 ഡിസംബർ 23ന് രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിൻ ഒഴുകിപ്പോയി 126 യാത്രക്കാർ മരിച്ചു. 2010 മെയ് 28ന് ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി എതിരെ വന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് 148 യാത്രക്കാർ മരിച്ചു. മുംബൈയിലേക്കുള്ള ട്രെയിൻ ജാർഗ്രാമിന് സമീപമെത്തിയപ്പോഴാണ് പാളം തെറ്റിയത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam