കൂവപ്പടി ജി. ഹരികുമാർ (Mob. 8921918835)
ആലുവ: മുപ്പത്തടം സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ,അധ്യനവർഷത്തിലെ ആദ്യദിനത്തിൽ പ്രൈമറി വിഭാഗം പ്രവേശനോത്സവത്തിൽ കുട്ടികളുമായെത്തിയ രക്ഷിതാക്കളുടെ കൂട്ടത്തിൽ ഏറ്റവും സന്തോഷിച്ചത് മുപ്പത്തടം ചെറുകുളത്തിൽ സി.എച്ച്. തസ്നി എന്ന അമ്മയായിരുന്നു. തസ്‌നിയുടെ മക്കളായ അൽമിറയുടെയും അൽഫൈസിന്റെയും ഒന്നാം ക്ലാസ്സിലെ ആദ്യദിനം ഏറെ പ്രത്യേകത
നിറഞ്ഞതായിരുന്നു.
ചെറുപ്പം മുതൽ സുഷുമ്‌നാ നാഡീകോശങ്ങളെ നശിപ്പിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന ജനിതക രോഗ ബാധിതരാണ് ഈ രണ്ടു കുട്ടികളും. ചലനശേഷിയില്ലാത്ത ഈ രണ്ടു കുട്ടികളുടെ ഭാവിയോർത്ത് വ്യാകുലപ്പെട്ടിരുന്ന തസ്‌നിയ്ക്ക് സർക്കാർ സഹായമായി കിട്ടിയത് ക്ലാസ്സിലിരുന്നു പഠിയ്ക്കാനായി രണ്ടു ചക്രക്കസേരകളായിരുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തിലൂടെയാണ് അൽമിറയ്ക്കും അൽഫൈസിനും കൂട്ടുകാരുമൊത്തിരുന്ന് പഠിയ്ക്കാനായി ചക്രക്കസേരകൾ അനുവദിച്ചു കിട്ടിയത്.
മക്കളുടെ തുടർചികിത്സകൾക്കായി പണം കണ്ടെത്താനായി ബുദ്ധിമുട്ടുന്നതിനിടയിലാണ് മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തയിൽ മനസ്സാകുലപ്പെട്ടിരുന്നത്. പേശികൾക്ക് ബലം നഷ്ടപ്പെടുന്നതിനാൽ നടക്കാനും ഇരിക്കാനും കഴിയാത്ത രണ്ടു കുഞ്ഞുങ്ങളെയും മുപ്പത്തടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തെങ്കിലും സ്കൂളിൽ ഇരുന്നു പഠിക്കാനുള്ള ബുദ്ധിമുട്ട് വലിയൊരു ചോദ്യചിഹ്നമായി ഇവരുടെ മുൻപിലുണ്ടായിരുന്നു.
അതിനിടെയാണ് കരുതലും കൈത്താങ്ങും എന്നപേരിലുള്ള സർക്കാർ അദാലത്ത് നടക്കുന്ന വിവരം തസ്നിയുടെ ശ്രദ്ധയിൽ പെട്ടത്. മെയ് 18ന് ആലുവയിൽ നടന്ന താലൂക്ക്തല അദാലത്തിൽ തസ്നി മക്കളുമായി നേരിട്ടെത്തി. മന്ത്രിമാരായ പി. പ്രസാദിനെയും പി. രാജീവിനെയും നേരിൽക്കണ്ട് കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള ചക്രക്കസേര ലഭ്യമാക്കണമെന്ന ആവശ്യം അറിയിച്ചതോടെയാണ് കാര്യങ്ങൾക്കു തീരുമാനമായത്. വിഷയത്തിൽ ഇടപെട്ട മന്ത്രിമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എ.ഡി.എം എസ്. ഷാജഹാന് നിർദ്ദേശം നൽകി.
ജൂൺ ഒന്നിന് പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കുട്ടികളെത്തിയപ്പോൾ രണ്ടു ചക്രക്കസേരകൾ റെഡിയായിരുന്നു. മന്ത്രിമാരുടെ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ഇതിനു വേണ്ട സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള ചുമതല എ.ഡി.എമ്മിനായിരുന്നു. തുടർന്ന് ഇടപ്പള്ളി ടോൾ ജുമാ മസ്ജിദ് ഭാരവാഹി മുഹമ്മദ് നാസറിനോട് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. മസ്ജിദ് ഭാരവാഹികളാണ് 8000 രൂപ വീതം വില വരുന്ന കസേരകൾ വാങ്ങി നൽകി ഈ കുട്ടികൾക്ക് കൈത്താങ്ങായത്.
വ്യാഴാഴ്ച ജനപ്രതിനിധികളുടെയും സ്കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ എ.ഡി.എം തന്നെയായിരുന്നു കുട്ടികളിരുവർക്കും കസേരകൾ സമ്മാനിച്ചത്. തൃപ്പൂണിത്തുറയിലെ സായി റിഹാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കസേര നിർമ്മിച്ചത്. സ്കൂളിൽ റാമ്പ് സൗകര്യം ഉള്ളതിനാൽ ഇരുവർക്കും ക്ലാസിലേക്ക് വരാനും പോകാനും എളുപ്പമാണ്. ആഴ്ചയിൽ രണ്ടു ദിവസം ഇരുവരും സ്കൂളിൽ വരും. മറ്റു ദിവസങ്ങളിൽ അധ്യാപകർ വീട്ടിലെത്തി പഠിപ്പിയ്ക്കും. ക്ലാസ്സ് മുറിയിലെ ഒന്നാം നിരയിൽ ചക്രക്കസേരയിൽ ഇരുന്ന അൽമിറയോടും അൽഫൈസിനോടും കൂട്ടുകൂടാൻ മറ്റു കുട്ടികൾ തിരക്കുകൂട്ടുന്നത് കൗതുകക്കാഴ്ചയായി.