കാരന്തൂർ: സിലബസിലുള്ള വിഷയങ്ങൾ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാർമിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളിൽ അവബോധമുള്ളവരാവാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ബോയ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഭാവിയുള്ളവരാവാനും വരുന്നകാലത്ത് ചലനങ്ങൾ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതൽ തന്നെ പഠനത്തിൽ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ 414 പേരും വിജയിച്ച് നൂറുമേനി കൈവരിച്ചതും 36 പേർ മുഴുവൻ എ പ്ലസ് നേടിയതും സ്കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. എസ്. പി. സി, സ്കൗട്ട്, ജെ. ആർ. സി, എൻ. സി. സി കേഡറ്റുകൾ നവാഗതരെ വരവേറ്റു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. മർകസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, കെ. പി മുഹമ്മദ് കോയ, റഫീഖ് കംറാൻ, റശീദ് പടാളിയിൽ, സി. പി ഫസൽ അമീൻ, ഉസ്മാൻ എ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽനാസർ സ്വാഗതവും അബ്ദുൽ റഷീദ് പി. പി നന്ദിയും പറഞ്ഞു.