കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വ്യോമാക്രമണം തുടരുന്നതിനിടെ, ഇന്നലെ യുക്രെയ്നിന്റെ ഡ്രോണുകൾ മോസ്കോയിൽ ആക്രമണം നടത്തിയതു റഷ്യയെ ഞെട്ടിച്ചു.ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ചില കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. 8 ഡ്രോണുകൾ വ്യോമപ്രതിരോധസംവിധാനം തകർത്തതായി റഷ്യ അവകാശപ്പെട്ടു. സാധാരണജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണു നടന്നതെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു.
മോസ്കോയിലെ സമ്പന്നർ താമസിക്കുന്ന മേഖലയിലാണു ഡ്രോണുകൾ പതിച്ചത്. ഈ മാസാദ്യം ക്രെംലിൻ കൊട്ടാരത്തിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. മോസ്കോയുടെ നേർക്കു രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷം നടക്കുന്ന വലിയ ആക്രമണമാണിതെന്ന് ഒരു റഷ്യൻ നേതാവ് വിശേഷിപ്പിച്ചു.
അതേസമയം, കീവിൽ റഷ്യ ഇന്നലെയും വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനിടെ മൂന്ന് ആക്രമണങ്ങളിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. റഷ്യയുടെ 20 ഡ്രോണുകൾ വീഴ്ത്തിയതായും യുക്രെയ്ൻ അവകാശപ്പെട്ടു. കരിങ്കടലിൽ കാലിബർ മിസൈൽ വഹിക്കുന്ന കപ്പലുകളുടെ എണ്ണം റഷ്യ വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
അതിനിടെ, യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകുന്ന ബില്ലിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു