ഇംഫാൽ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പുർ സന്ദർശനത്തിനു തൊട്ടുമുൻപ് മെയ്തെയ് തീവ്രവാദഗ്രൂപ്പുകളും അസം റൈഫിൾസും തമ്മിൽ വെടിവയ്പുണ്ടായി. 37 അസം റൈഫിൾസുമായി ഇംഫാൽ താഴ്വരയിലെ തീവ്രവാദസംഘടനകളും ‘ആരംഭായ് തെങ്കോൽ’ എന്ന മെയ്തെയ് സംഘടനയും ഏറ്റുമുട്ടുകയായിരുന്നു. മെയ്തെയ് വിഭാഗവും കുക്കി ഗോത്രങ്ങളും തമ്മിലുള്ള വംശീയകലാപത്തിൽ അസം റൈഫിൾസ് കുക്കികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു മെയ്തെയ് സംഘടനകൾ ആരോപിച്ചിരുന്നു.
അതേസമയം 25 ഭീകരരെ തോക്കുകളും ഗ്രനേഡുകളുമായി പിടികൂടിയതായി കരസേന അറിയിച്ചു. വീടുകൾക്കു തീയിട്ടതിന് അടക്കം അക്രമസംഭവങ്ങളിൽ 20 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സംഘർഷം വീണ്ടും പടരുന്നതോടെ നൂറുകണക്കിനു പേർ പല ഗ്രാമങ്ങളിലും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതരവിഭാഗങ്ങൾക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മെയ്തെയ്, കുക്കി വിഭാഗങ്ങളെ കരസേന രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ച് സുരക്ഷാസേന പരിശോധന തുടരുന്നു. സുഗ്ണുവിൽ കഴിഞ്ഞ ദിവസം നടന്ന സേനാനടപടിക്കിടെ വെടിയേറ്റ ഒരു പൊലീസുകാരൻ മരിച്ചതായി അധികൃതർ അറിയിച്ചു.
മണിപ്പുരിൽ 4 ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തും. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞദിവസം കുക്കി ഗോത്രക്കാരായ 40 പേരെയാണു കമാൻഡോ നടപടിയിൽ വധിച്ചത്. ഇവർ ഭീകരവാദികളാണെന്നു മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചെങ്കിലും കുക്കി ഗോത്രങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്. ഇംഫാൽ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മെയ്തെയ് സായുധ ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം സർക്കാരുറുമായി സമാധാനക്കരാർ ഒപ്പിട്ടിരുന്നു. ഇതിൽ അംഗങ്ങളായിരുന്ന പലരും പിന്നീട് തീവ്രആശയങ്ങൾ പ്രചരിപ്പിക്കുന്ന ‘ആരംഭായ്’ എന്ന സംഘടനയിൽ ചേർന്നെന്നാണു റിപ്പോർട്ടുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു