ഇംഫാല്‍: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനത്തിന് എത്തി. രാത്രി ഇംഫാലിൽ എത്തിയ അമിത് ഷായെ മുഖ്യമന്ത്രി ഉൾപ്പടെ ചേർന്ന് സ്വീകരിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.
വരും ദിവസങ്ങളിൽ അക്രമ ബാധിത മേഖലകൾ അടക്കം കേന്ദ്രമന്ത്രി സന്ദർശിക്കും. വിവിധ ജന വിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. ഇംഫാലിൽ അടക്കം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദർശനം. അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായി മണിപ്പൂരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരില്‍ തലസ്ഥാനമായ ഇംഫാലിന്റെ കിഴക്കന്‍ പ്രദേശത്ത് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ആയുധധാരികളായ 25 പേരെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. പിടിച്ചെടുത്തവയില്‍ ചൈനീസ് ആയുധങ്ങളും ഉള്‍പ്പെടുന്നു.
ഇംഫാല്‍ ഈസ്റ്റില്‍ മലയോര മേഖലയിലെ സനാസാബി, ഗ്വാള്‍താബി, ഷാബുന്‍ഖോല്‍ ഖുനാവോ എന്നിവിടങ്ങളിലെ വീടുകള്‍ക്ക് തീയിടാന്‍ സായുധരായ അക്രമികള്‍ പുറപ്പെടുന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നിന്നാണ് അക്രമികളെ പിടികൂടിയത്.
അഞ്ച് 12 ഡബിള്‍ ബാരല്‍ റൈഫിളുകള്‍, മൂന്ന് സിംഗിള്‍ ബാരല്‍ റൈഫിളുകള്‍ തുടങ്ങി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.