ഇംഫാല്‍: മണിപ്പുരില്‍ വിവിധയിടങ്ങളില്‍ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ 25 പേര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി സേന ഔദ്യോഗികക്കുറിപ്പില്‍ അറിയിച്ചു. സേനയുടെ മള്‍ട്ടിപിള്‍ മൊബൈല്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റ്‌സ്(എംവിസിപി) നടത്തിയ തിരച്ചിലുകളിലാണ് അക്രമികള്‍ പിടിയിലായത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ ഈസ്റ്റിന്റെ മലയോരമേഖലകളിലെ സനസാബി, ഗ്വാല്‍താബി, ഷബുന്‍ഖോല്‍ ഖുനാവോ എന്നിവടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ഈ പ്രദേശത്തെ വീടുകള്‍ കത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്ന അക്രമികള്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെപ്പ് നടത്തി.
പിടിയിലായവരുടെ പക്കല്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരുന്നു. സേന നടത്തിയ സമയോചിത നടപടി മൂലം നിരവധി ജീവനുകള്‍ രക്ഷിക്കാനായതായും അക്രമസംഭവങ്ങള്‍ ഒഴിവാക്കാനായതായും സേനയുടെ ഔദ്യോഗികക്കുറിപ്പിലുണ്ട്.
ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സുഗുണു മേഖലയിലുണ്ടായ സംഘർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങളടക്കം ഉപയോഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.
സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ന്യൂ ചെക്കോൺ മേഖലയിൽ നിന്നും മൂന്ന് പേരെ ചൈനയിൽ നിർമ്മിച്ച ഗ്രെനേഡും മറ്റ് ആയുധങ്ങളുമായി പിടികൂടി. ഇംഫാലിലെ സൻസാബി, ഗ്വാൽതാബി, ഷാബുങ്ഖോൾ, ഖുനാവോ ഗ്രാമങ്ങളിൽ വ്യാപകമായി വീടുകൾക്ക് തീയിട്ട 22 പേരെയും സൈന്യം പിടികൂടി. ഇവരിൽ നിന്നും ഡബിൾ ബാരൽ തോക്കുകളടക്കം വൻ ആയുധശേഖരവും കണ്ടെത്തി. സംസ്ഥാനത്ത് പലയിടങ്ങളിലായി സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. മണിപ്പുരില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ നിലവിലെ ക്രമസമാധാനസാഹചര്യത്തെക്കുറിച്ച് അമിത് ഷാ വിവിധ വകുപ്പുദ്യോഗസ്ഥരും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു